‘രാഷ്ട്രീയപ്രേരിതമായ എതിര്‍പ്പുകളെ ഇച്ഛാശക്തികൊണ്ട് മറികടന്നു’; കേരളത്തിന്റെ സ്വന്തം ബാങ്ക് നവംബര്‍ ഒന്നിന്
രാഷ്ട്രീയപ്രേരിതമായ ഒട്ടേറെ എതിര്‍പ്പുകളെ മറി കടന്നാണ് കേരളാ ബാങ്കിനുള്ള അനുമതി നേടിയെടുത്തതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന വാഗ്ദാനം പൂര്‍ത്തീകരിക്കാനുള്ള അവസാന കടമ്പയും മറികടന്നെന്ന് കടകംപള്ളി വ്യക്തമാക്കി. കേരള ബാങ്കിന്റെ രൂപീകരണത്തിന് റിസര്‍വ്വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ച വിവരം പ്രഖ്യാപിച്ചുകൊണ്ടാണ് സഹകരണവകുപ്പ് മന്ത്രിയുടെ പ്രതികരണം.
ഒട്ടനവധി രാഷ്ട്രീയപ്രേരിതമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ ഇച്ഛാശക്തിയാല്‍ അവയെ മറികടന്നു ഈ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ സാധിച്ചതില്‍ വളരെ അഭിമാനം.
കടകംപള്ളി സുരേന്ദ്രന്‍
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള ബാങ്ക് നിലവില്‍ വരുമെന്നാണ് പ്രതീക്ഷകള്‍.
റിസര്‍വ്വ് ബാങ്ക് നിബന്ധനകള്‍
2018 മാര്‍ച്ച് 31-ന്റെ നബാര്‍ഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.
ജില്ലാ സഹകരണ ബാങ്കുകളുടെ നെറ്റ് വര്‍ത്തിന്റെ അടിസ്ഥാനത്തില്‍ ലയനശേഷമുള്ള ബാങ്കില്‍ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നല്‍കണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാന്‍സ്ഫര്‍ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.
വോട്ടവകാശം ഇല്ലാതെ വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പുതിയ ബാങ്കിന്റെ ഭരണസമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണം.
ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഘടന, അധികാരങ്ങള്‍ എന്നിവ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് സമാനമായ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനനുസരിച്ചാവണം.
ലയനശേഷം ആര്‍.ബി.ഐയുടെ തത്വത്തില്‍ ഉള്ള അംഗീകാരത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന 11, 13, 15 എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താഴെ പറയുന്നവയായിരുന്നു 11, 13, 15 വ്യവസ്ഥകള്‍.
11) ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ കെഎസ്‌സിബിക്ക് ഉണ്ടാകണം.
13) കെഎസ്‌സിബിയുടെ സിഇഒ 'ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍' മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 പ്രൊഫഷണല്‍സ് ഉണ്ടാകണം.
15) ലയനശേഷം കെഎസ്‌സിബിയുടെ ആര്‍ബിഐ ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ കെഎസ്‌സിബിയുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് കെഎസ്‌സിബി ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി ആര്‍ബിഐക്ക് അപേക്ഷ നല്‍കണം. ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് ആര്‍ബിഐക്ക് സറണ്ടര്‍ ചെയ്യണം.''
സംസ്ഥാനസര്‍ക്കാര്‍ അന്തിമ അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തല്‍സ്ഥിതി സംബന്ധിച്ച് നബാര്‍ഡിലൂടെ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം