കേരള കോണ്‍ഗ്രസ് (എം) ഇടതിനൊപ്പം; രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് (എം) ഇടതിനൊപ്പം; രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി
Published on

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍. യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. മതേതര നിലപാട് കാത്ത് സൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്നും ജോസ് കെ മാണി.

രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും. ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ്.കെ മാണി പറഞ്ഞത്.

'കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പല തവണ പരാതി പറഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.'

പി.ജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും, പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫിന് കോണ്‍ഗ്രസ് നേതാക്കള്‍ മൗനമായ പിന്തുണ നല്‍കിയെന്നും ജോസ് കെ മാണി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം അഗീകരിക്കുകയായിരുന്നു. തോമസ് ചാഴിക്കാടന്‍ എംപി, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നീ എംഎല്‍എമാരാണ് ജോസ് കെ മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തിരുന്നത്. തുടര്‍ന്ന് മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥന നടത്തി. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് (എം) നിലപാട് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in