യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കലിനെതിരെ മുഖ്യമന്ത്രി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്ന് കാട്ടി കണ്ണൂരില്‍ ആളുകളെ പരസ്യമായി ഏത്തമിടീച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി. സംഭവത്തില്‍ ഹോം സെക്രട്ടറി ഡിജിപിയുമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തിയാണ് നടന്നത്
പൊതുവേ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസിനെയാണ് ഇത്തരം കാര്യങ്ങള്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നത്. പല സ്ഥലത്തും പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുകയാണ് പൊലീസുകാര്‍. ജനങ്ങള്‍ക്കും പൊലീസിനോട് മതിപ്പുണ്ട്.
വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഒരു കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നവരെയാണ് യതീഷ് ചന്ദ്ര പ്രാകൃത ശിക്ഷാമുറയ്ക്ക് വിധേയരാക്കിയത്. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഒത്തുകൂടിയെന്ന് പറഞ്ഞായിരുന്നു ഇത് . ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ മാത്രമേ പാടുള്ളൂവെന്നിരിക്കെയാണ് എസ്പിയില്‍ നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം തേടിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പട്രോളിങ്ങിന് നേതൃത്വം നല്‍കുകയായിരുന്നു എസ്പി യതീഷ് ചന്ദ്ര. ഇതിനിടെയാണ് അഴീക്കലില്‍ തുറന്ന കടയ്ക്ക് മുന്നില്‍ ആളുകളെ കണ്ടത്
യതീഷ് ചന്ദ്രയുടെ ശിക്ഷാമുറക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് കൂട്ടം കൂടി നില്‍ക്കുന്നത് എന്ന് ചോദിച്ചായിരുന്നു യതീഷ് ചന്ദ്രയുടെ ചെയ്തി.