കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 9 ദിവസം മാത്രം
കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 21ന് ഉപതെരഞ്ഞടുപ്പ് നടക്കും. 24നാണ് ഫല പ്രഖ്യാപനമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു.
ഉപതെരഞ്ഞടുപ്പിനുള്ള വിജ്ഞാപനം സെപ്തംബര്‍ 23ന് ഉണ്ടാകും. മുപ്പതാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഒക്ടോബര്‍ ഒന്നിന് സൂക്ഷമ പരിശോധന നടക്കും. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഒമ്പത് ദിവസം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് എം എല്‍ എ ആയിരുന്ന പി ബി അബ്ദുള്‍ റസാക്ക് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. മറ്റ് മണ്ഡലങ്ങളിലെ എം എല്‍ എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വട്ടിയൂര്‍കാവ്, കോന്നി, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങള്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.