സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭയ്ക്ക്, എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം എടുത്തുകൂട : സച്ചിദാനന്ദന്‍ 

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭയ്ക്ക്, എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം എടുത്തുകൂട : സച്ചിദാനന്ദന്‍ 

Published on

പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാവുന്ന ഒരു നിയമസഭ ഇവിടെയുണ്ടെങ്കില്‍ എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം ആ അസംബ്ലിക്ക് എടുത്തുകൂടെന്ന് കവി സച്ചിദാനന്ദന്‍. അതിന് നിയമസഭ ഒറ്റക്കെട്ടായി തയ്യാറാകേണ്ടതുണ്ട്. അലന്‍ - താഹ കേസില്‍ അവര്‍ ഒരുതരത്തിലും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ വാദം കോടതിയില്‍ ഉയര്‍ത്തുകയും വേണം.എങ്കില്‍ മാത്രമേ ഈ സര്‍ക്കാരിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം ബോധ്യപ്പെടുകയുള്ളൂവെന്നും അദ്ദേഹം ദ ക്യു വിന്റെ ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പരോക്ഷമായി സര്‍ക്കാര്‍ അത് സമ്മതിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതിന് തയ്യാറായി. പൊതുജനാഭിപ്രായവും ബുദ്ധിജീവികളുടെ അഭിപ്രായവും അവര്‍ക്കെതിരെ തിരിയുന്നുവെന്ന തോന്നല്‍ സര്‍ക്കാരിന് ഉണ്ടാകുന്നുണ്ട്. ഇതൊരു ജനകീയ സര്‍ക്കാരാണെങ്കില്‍ ക്രമേണയെങ്കിലും തങ്ങളുടെ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയോ നടപടികളിലൂടെ അത് തിരുത്തുകയോ ചെയ്യേണ്ടതുണ്ടെന്നും സച്ചിദാനന്ദന്‍ വിശദീകരിച്ചു.

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭയ്ക്ക്, എന്തുകൊണ്ട് യുഎപിഎ നടപ്പാക്കില്ലെന്ന തീരുമാനം എടുത്തുകൂട : സച്ചിദാനന്ദന്‍ 
മുസ്ലീങ്ങളെയും പ്രക്ഷോഭകരെയും അടിച്ചുതമര്‍ത്താനും കൊല്ലാന്‍ വരെയും കേന്ദ്രം പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു : കവി സച്ചിദാനന്ദന്‍ 

ഇന്ത്യന്‍ നിയമമനുസരിച്ച് മാവോയിസ്റ്റുകളാകുകയെന്നത് കുറ്റമല്ല. സുപ്രീം കോടതി അനേകം വിധികളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതോ അത് പ്രചരിപ്പിക്കുന്നതോ അതിന്റെ പുസ്തകങ്ങളോ ലഘുലേഖകളോ കയ്യില്‍ വെയ്ക്കുന്നതോ അവരുടെ പേരില്‍ നിയമനടപടികള്‍ എടുക്കുന്നതിനുള്ള കാരണമല്ലെന്നാണ് നിയമം പറയുന്നത്. കണ്ടറിയുന്ന, കേട്ടറിയുന്ന, തൊട്ടറിയുന്ന ഒരു കുറ്റം ചെയ്തിരിക്കണം. ആരെയെങ്കിലും കൊല്ലുന്നു അല്ലെങ്കില്‍ ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുന്നു എന്നൊക്കെയാണെങ്കിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം ബാധകമാക്കാനാവുകയുള്ളൂ. തലച്ചോറില്‍ ഒരു വിശ്വാസമുള്ളതുകൊണ്ടോ, സുഹൃത്തുക്കള്‍ ഇങ്ങനെയുള്ള പാര്‍ട്ടിയില്‍പ്പെട്ടവരായതുകൊണ്ടോ അവര്‍ക്കെതിരെ നിയമപരമായി നീങ്ങാനാകില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. തങ്ങളുടെ പാര്‍ട്ടിക്കാര്‍ വിട്ടുപോയി മറ്റൊന്നില്‍ പ്രവര്‍ത്തിച്ചെങ്കില്‍ സിപിഎമ്മിന് നടപടിയെടുക്കാം. പുറത്താക്കുകയും ചെയ്യാം. അതില്‍ വിരോധമില്ല. അത് പാര്‍ട്ടിയുടെ കാര്യമാണ്. എന്നാല്‍ ഗവണ്‍മെന്റ് എന്നത് പാര്‍ട്ടിയല്ല. ഒരു അനീതിയില്‍ പാര്‍ട്ടിയുടെ നിലപാടും ഗവണ്‍മെന്റിന്റെ നിലപാടും ഒന്നായിക്കൂട. ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാനിയമവും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in