നിയമസഭ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയിക്കും; തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക ശക്തിയാകുമെന്നും നടന്‍ ദേവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയിക്കും; തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക ശക്തിയാകുമെന്നും നടന്‍ ദേവന്‍
Published on

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. ആറ് മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നാണ് സര്‍വേഫലം. പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ അവകാശപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കും. 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കുമെന്നും ദേവന്‍ പറഞ്ഞു. പഠന കാലത്ത് കോണ്‍ഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി.എം.സുധീരന്റെ ആദര്‍ശങ്ങള്‍ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയില്‍ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും വി.എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനില്‍ക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവര്‍. അതില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്.

രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനായിചിലവഴിച്ച പണം മൂലധനമാണ്. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതെന്നും ദേവന്‍ പറഞ്ഞു. 2004ല്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചത് ആശയപ്രചരണത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ വിജയിക്കാനാണ് മത്സരിക്കുന്നത്. ആത്മവിശ്വാസമുണ്ട്. 20 വര്‍ഷമാണ് അന്ന് ആവശ്യപ്പെട്ടത്. 16 വര്‍ഷം പിന്നിടുമ്പോള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും ദേവന്‍ അവകാശപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in