കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ താല്‍പര്യം അറിയിച്ചിട്ടുണ്ട്. മത്സരിക്കാന്‍ തുടക്കം മുതല്‍ സന്നദ്ധനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന ഭയത്താലാണ് പിന്നോട്ട് വലിഞ്ഞത്. മത്സരിക്കണമെന്നും പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ലെന്നും എ.കെ ആന്റണി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം തീരുമാനം മാറ്റിയത്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ വിജയിപ്പിക്കേണ്ടത്, കെ.പി.സി.സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്ന കെ.സുധാകരന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്.
അടുത്ത അനുയായിയും ഡി.സി.സി പ്രസിഡന്റുമായ സതീശന്‍ പച്ചേനിയെ കണ്ണൂരില്‍ മത്സരിപ്പിക്കാനായിരുന്നു കെ.സുധാകരന് താല്‍പര്യം. മുല്ലപ്പള്ളി കണ്ണൂര്‍ സീറ്റ് ലക്ഷ്യമിട്ടതോടെ സതീശന്‍ പാച്ചേനിയെ ഇരിക്കൂറിലേക്ക് മാറ്റാന്‍ കെ.സുധാകരന്‍ കരുനീക്കം ആരംഭിച്ചിട്ടുണ്ട്.
മുപ്പത്തിയൊന്‍പത് വര്‍ഷം കെ.സി ജോസഫ് വിജയിച്ച് വന്ന ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ സജീവ് ജോസഫിനെയായിരുന്നു അവസാന നിമിഷം പരിഗണിച്ചത്.
2016 ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ കെ.സി ജോസഫിന് പകരക്കാരനായി ഹൈക്കമാന്റ് നിര്‍ദേശിച്ച പേരായിരുന്നു സജീവ് ജോസഫിന്റേത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിയിലാണ് അവസാനം കെ.സി ജോസഫിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ബന്ധിതമായത്. സജീവ് ജോസഫ് കെ.സി വേണുഗോപാലിന്റെ അടുത്ത അനുയായിയാണ്. സജീവ് ജോസഫിനെ വെട്ടുകയെന്നത് കെ.സുധാകരന്റെ കൂടി താല്‍പര്യമാണ്.
എ ഗ്രൂപ്പ് കയ്യടക്കി വെച്ചിരുന്ന സീറ്റില്‍ കെ.സി ജോസഫിന് പകരക്കാരനായി കെ.പിസി സി ജനറല്‍ സെക്രട്ടറിയും മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനും എ ഗ്രൂപ്പ് നേതാവുമായ സോണി സെബാസ്റ്റ്യനെയാണ് ഉമ്മന്‍ ചാണ്ടിയും കെ.സി ജോസഫും നിര്‍ദേശിച്ചത്.
എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ നിയോജക മണ്ഡലത്തിലും, 2016 ല്‍ ഇരിക്കൂര്‍ മണ്ഡലത്തിലും ശക്തമായി ഉയര്‍ന്ന് വന്ന പേരായിരുന്നു സജീവ് ജോസഫിന്റേത്. എന്നാല്‍ ഗ്രൂപ്പ് മാന ദണ്ഡമാക്കിയപ്പോള്‍ അവസാനം സീറ്റ് നിഷേധിക്കുകയായിരുന്നു.