ഫ്രാങ്കോയെ വരച്ചു, ലളിതകലാ അക്കാദമി പുരസ്‌കാരത്തിനെതിരെ കെസിബിസി; ചിരിവരയുടെ കൈ കെട്ടരുതെന്ന് കാര്‍ട്ടൂണ്‍ അക്കാദമിയുടെ മറുപടി
കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ സ്റ്റേറ്റ് അവാര്‍ഡ് പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെസിബിസി രംഗത്ത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോയേയും പിന്തുണച്ച പിസി ജോര്‍ജിനേയും കഥാപാത്രമാക്കിയ സുഭാഷ് കെകെയുടെ വിശ്വാസം രക്ഷതി കാര്‍ട്ടൂണിനാണ് പുരസ്‌കാരം. ലൈംഗീക ആരോപണം നേരിട്ട പികെ ശശി എംഎല്‍എയേയും കാര്‍ട്ടൂണില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും അത് മനപ്പൂര്‍വ്വം മറന്ന് ഇടത് സര്‍ക്കാരിനെതിരെ കൂടി അവാര്‍ഡ് നിര്‍ണയത്തില്‍ വിമര്‍ശിക്കുകയാണ് കെസിബിസി.
ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പ്രചോദനമെന്ന് സംശയിക്കുന്നതായും കെസിബിസി പറയുന്നു. ലളിത കലാ അക്കാദമി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്നാണ് വക്താവ് ഫാ വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചത്.
പൊലീസ് മേധാവിയുടെ തൊപ്പിക്ക് മുകളില്‍ കയറി നില്‍ക്കുന്ന പൂവന്‍ കോഴിയായാണ് വിശ്വാസം രക്ഷതിഃ എന്ന കാര്‍ട്ടൂണില്‍ ഫ്രാങ്കോയെ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് തൊപ്പിയുമായുള്ള വടി പിടിച്ചു നില്‍ക്കുന്നത് പിസി ജോര്‍ജ്ജാണ്, അടുത്ത് പൂവന്‍ കോഴിയായി പികെ ശശി എംഎല്‍എയുമുണ്ട്. ഇവരെ കണ്ട് ചെവി പൊത്തി പേടിച്ചോടുന്ന കന്യാസ്ത്രീകളും കാര്‍ട്ടൂണിലുണ്ട്. ബിഷപ്പ് ഫ്രാങ്കോ കയ്യില്‍ പിടിച്ചിരിക്കുന്ന അംശവടിയില്‍ കുരിശ് ചിഹ്നത്തിന് പകരം അടിവസ്ത്രം വരച്ചു ചേര്‍ത്തിരിക്കുന്നതാണ് കെസിബിസിയെ ചൊടിപ്പിച്ചത്.
ബിഷപ്പ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് അപമാനകരമായ ചിഹ്നം വരച്ച് ചേര്‍ത്ത് അപമാനിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ഈ വികല ചിത്രത്തിന് കേരളത്തിലെ ഇടത് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നതെന്നാണ് കെസിബിസിയുടെ ആരോപണം. പുരസ്‌കാരം പിന്‍വലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിന് പൊതു സമൂഹത്തോടും മതപ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പ് പറയണമെന്നാണ് കെസിബിസിയുടെ ആവശ്യം.
ഇതാണോ ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
എന്നാല്‍ കെസിബിസിയുടെ വിറപ്പിക്കല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ കുലുക്കിയില്ല. കാര്‍ട്ടൂണിന്റെ കൈകെട്ടരുതെന്നും വിവാദം അത്യന്തം ഖേദഖരമാണെന്നും കാര്‍ട്ടൂണ്‍ അക്കാദമി തിരിച്ചടിച്ചു.
വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈകെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും. അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അതംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്.
ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെ ആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ടെന്ന് കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി ഓര്‍മ്മിപ്പിച്ചു. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമര്‍ശനത്തിലൂടെ ഭരണകര്‍ത്താക്കളെ ഉള്‍പ്പെടെ നിശിതമായി വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത്. ചിരി വരയുടെ കൈ കെട്ടരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ സഹിഷ്ണുതയില്ലായ്മയാണെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും വിമര്‍ശിച്ചു.
എന്നാല്‍ വിവാദമായ പശ്ചാത്തലത്തില്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ കഴമ്പുണ്ടെന്നും പുനഃപരിശോധിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു.