ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത സിനിമാ രംഗത്ത് കൂടുതല്‍; തിരുത്തണമെന്ന് ഈശോ വിവാദത്തില്‍ കെ.സി.ബി.സി

ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത സിനിമാ രംഗത്ത് കൂടുതല്‍; തിരുത്തണമെന്ന് ഈശോ വിവാദത്തില്‍ കെ.സി.ബി.സി
Published on

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെസിബിസി. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും പൗരോഹിത്യത്തേയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത തിരുത്തണമെന്ന് കെസിബിസി പറഞ്ഞു.

കാലാരംഗത്ത് ഈ പ്രവണത കൂടുതലാണെന്നും കെസിബിസി ആരോപിച്ചു. ഓണ്‍ലൈനായി നടന്ന കെസിബിസി സമ്മേളനത്തിലാണ് പ്രതികരണം. ഉത്തരവാദിത്തപ്പെട്ടവര്‍ വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി അറിയിച്ചു.

സിനിമാമേഖലയില്‍ നിന്ന് നാദിര്‍ഷയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമ പറയുന്ന ആശയം എന്ത് എന്ന് പോലും മനസിലാക്കാതെ കേവലം ഒരു പേര് കാരണമാക്കി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് സിബി മലയില്‍ പറഞ്ഞിരുന്നു.

ജയസൂര്യയുടെ പ്രതികരണം

ഈശോ എന്ന സിനിമ ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ളതല്ലെന്ന് നടന്‍ ജയസൂര്യ.

ഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈശോ എന്ന പേരിനൊപ്പം നോട്ട് ഫ്രം ബൈബിള്‍ എന്ന് കൊടുത്തതെന്നും ജയസൂര്യ. അതിലും തെറ്റിദ്ധാരണ പടര്‍ത്തുമ്പോള്‍ ഒന്നും പറയാനില്ലെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ ആരും പ്രശ്നവുമായി വന്നില്ല. സിനിമയുടെ പേരിനെ ചൊല്ലി പുറത്തുള്ളവര്‍ നിയന്ത്രണവുമായി വരുന്നത് അംഗീകരിക്കാനാകില്ല. ഈശോ എന്ന സിനിമ മുന്നോട്ട് വെക്കുന്ന സന്ദേശമുണ്ട്. ആ സിനിമ കണ്ട് കഴിഞ്ഞാല്‍ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറുമെന്നും ജയസൂര്യ. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം.

ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം.

അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും ജയസൂര്യ.

Related Stories

No stories found.
logo
The Cue
www.thecue.in