ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്നാരോപിച്ച് സിഇഒ സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസിന്റെ കത്ത്. രാജ്യത്തെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കരുതെന്ന് കെ സി വേണുഗോപാല്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. നിയമനടപടി സ്വീകരിക്കുമെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വസ്തുത തേടി ആഗസ്ത് 18 നും കോണ്‍ഗ്രസ് കത്തയച്ചിരുന്നു.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനല്ല, നേതൃനിര തന്നെ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണം തടയാതിരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുകയാണ്. ഇതിന് ഫേസ്ബുക്ക് കൂട്ടുനില്‍ക്കുന്നു. 400 ദശലക്ഷം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിനെ ബിജെപിക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ വിശദീകരണം വേണമെന്നും കത്തില്‍ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടിയില്‍ നിന്നും ബിജെപി നേതാക്കളെ ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥനെതിരെയായിരുന്നു ആരോപണം. ബിജെപിയെ ചൊടിപ്പിക്കാതിരിക്കാനാണ് ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകാതിരിക്കാനാണ് ഇത്തരം സഹായങ്ങളെന്നും ജീവനക്കാരോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.