കെ.സി.ജോസഫ് എംഎല്‍എയെ കാണാനില്ലെന്ന് പ്രതികരിച്ചു, യുവാവിന്റെ വീടിന് നേരെ ആക്രമണം

കെ.സി.ജോസഫ് എംഎല്‍എയെ കാണാനില്ലെന്ന് പ്രതികരിച്ചു, യുവാവിന്റെ വീടിന് നേരെ ആക്രമണം
Published on

ഇരിക്കൂര്‍ എംഎല്‍എ കെ.സി ജോസഫിനെ കൊവിഡ് കാലത്ത് മണ്ഡലത്തില്‍ കാണാനില്ലെന്ന് ചാനലില്‍ പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് കണ്ണൂര്‍ ചെമ്പേരി ചെളിംപറമ്പിലെ കെ.സി മാര്‍ട്ടിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വാഹനങ്ങളിലെത്തിയായിരുന്നു ആക്രമണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ലൈവ് ചാനല്‍ പ്രോഗ്രാമിലാണ് മണ്ഡലത്തില്‍ എം.എല്‍.എയെ കാണാനില്ലെന്ന് യുവാവ് പ്രതികരിച്ചത്. ഈ വീഡിയോ ഭാഗം പിന്നീട് വൈറലായിരുന്നു. സംഭവത്തില്‍ കുടിയാന്മല പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും അഭിപ്രായ പ്രകടനത്തിന് ആക്രമണമുണ്ടായിരുന്നുവെന്ന് മാര്‍ട്ടിന്‍ പ്രതികരിച്ചു.

കൊറോണാ കാലത്ത് ഇരിക്കൂര്‍ എം.എല്‍.എ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല. കോട്ടയത്ത് വീട്ടിലായിരുന്നു. പാര്‍ട്ടിക്കകത്തും കെസി ജോസഫിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോട്ടയത്ത് നിന്ന് കണ്ണൂരിലേക്ക് യാത്രാനുമതി നല്‍കിയില്ലെന്നായിരുന്നു കെ.സി ജോസഫിന്റെ വിശദീകരണം. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തനിക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മാന്യത കാട്ടിയില്ലെന്നും കെ സി ജോസഫ് ആരോപിച്ചു. മണ്ഡലത്തിലേക്ക് വരണമെന്ന ഒരു എംഎല്‍എയുടെ ആവിശ്യത്തിന് മുന്‍പില്‍ പൊലീസ് മുഖം തിരിക്കുകയായിരുന്നുവെന്നും കെ.സി ജോസഫ്.

Related Stories

No stories found.
logo
The Cue
www.thecue.in