‘ആശ ശരത്തിന്റെ ഭര്‍ത്താവിനെ കിട്ടിയോ?’,കട്ടപ്പന സ്റ്റേഷനിലേക്ക് തുരുതുരാ കോളുകള്‍; കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്
ആശ ശരത്തിന്റെ സിനിമാ പ്രചരണ വീഡിയോയ്ക്ക് പിന്നാലെ നടിയുടെ ഭര്‍ത്താവിനെ കിട്ടിയോ എന്ന് ആരാഞ്ഞ് കട്ടപ്പന സ്റ്റേഷനിലേക്ക് നിരവധി കോളുകള്‍. എവിടെ എന്ന സിനിമയുടെ പ്രചരണത്തിനായാണ് നടി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. തന്റെ ഭര്‍ത്താവ് സക്കറിയയെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസില്‍ അറിയിക്കണമെന്നും വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. സിനിമയില്‍ ആശയുടെ കഥാപാത്രമായ ജെസിയുടെ ഭര്‍ത്താവ് സക്കറിയയെ കാണാതാകുന്നുണ്ട്. ഇത് വെച്ചായിരുന്നു പ്രമോഷന്‍ വീഡിയോ. എന്നാല്‍ നടിയുടെ യഥാര്‍ത്ഥ ഭര്‍ത്താവിനെ കാണാതായെന്ന് ആളുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇവരില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ആശയുടെ ഭര്‍ത്താവിനെ കിട്ടിയോ എന്ന് അന്വേഷിക്കുകയായിരുന്നു. അത് സിനിമ പ്രചരണ വീഡിയോ ആണെന്ന് പൊലീസിന് അവരെ ധരിപ്പിക്കേണ്ടി വന്നു. അതേസമയം അറിയാത്ത പോലെ ഇക്കാര്യം അന്വേഷിച്ച് പൊലീസിനെ ട്രോളാനും ചിലര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. വീഡിയോയില്‍ കേസെടുത്തോ എന്ന് അന്വേഷിച്ചും നിരവധി പേര്‍ വിളിക്കുന്നുണ്ടെന്ന് എസ് ഐ സന്തോഷ് ജീവന്‍ ദ ക്യുവിനോട് പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ നടി വീഡിയോ പങ്കുവെച്ചതിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസന്വേഷണം എവിടെവരെയായി എന്ന് ആരാഞ്ഞ് ആളുകള്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നത്. അതേസമയം ആശ ശരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷവും നടക്കുന്നുണ്ട്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ കട്ടപ്പന സ്റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എസ് ഐ വ്യക്തമാക്കി. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ ഈ പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും എസ് ഐ വ്യക്തമാക്കി. അതിനാല്‍ തന്നെ കേസെടുക്കലോ അന്വേഷണമോ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കേസെടുക്കത്തക്ക സാഹചര്യങ്ങളില്ല, വീഡിയോ, സിനിമാ പ്രചരണത്തിനായി ചെയ്തതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ക്യുവിനോട് പറഞ്ഞു.
അതേസമയം ആശ ശരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്ന വ്യക്തിഹത്യയില്‍ നപടിയാവശ്യപ്പെട്ട് എവിടെ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. തങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം താരം ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം അത്തരത്തില്‍ വീഡിയോ തയ്യാറാക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് പ്രേംപ്രകാശ് സംവിധായകന്‍ കെകെ രാജീവ് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ജെസി എന്ന അവരുടെ കഥാപാത്രം ഭര്‍ത്താവ് സക്കറിയയെ കാണാതായതിനെക്കുറിച്ച് പറയുന്നതാണ് വീഡിയോ. ഇത് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് ചെയ്തത്. കുറ്റകരമായ യാതൊന്നും വീഡിയോയിലില്ലെന്ന് എല്ലാ രീതിയിലും ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാല്‍ ആശ ശരത്തിനെ വ്യക്തിധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.