കശ്മീരില്‍ നിരോധനാജ്ഞ; നേതാക്കള്‍ വീട്ടുതടങ്കലില്‍; ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചു
കശ്മീരികള്‍ അല്ലാത്തവരെ പുറത്താക്കുകയും കൂടുതല്‍ അര്‍ദ്ധ സൈന്യത്തേയും വിന്യസിച്ചതിനും പിന്നാലെ താഴ്‌വരയിലും ജമ്മുവിലും നിരോധനാജ്ഞ. രജൗരി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാനാണ് ഉത്തരവ്. ജമ്മു സര്‍വ്വലാശാല അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.
രാവിലെ ഒമ്പതരയ്ക്ക് അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയം ആണ് യോഗത്തിന്റെ അജണ്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കശ്മീരിലെ പ്രമുഖനേതാക്കളെ വീട്ടുതടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്. മറ്റ് നേതാക്കളേയും വീട്ടുതടങ്കലിലാക്കാന്‍ നീക്കം നടക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. സമാധാനത്തിനായി പോരാടിയ തന്നെ വീട്ടു തടങ്കലിലാക്കിയത് വിരോധാഭാസമാണെന്ന് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനും വീടിന് പുറത്തിറങ്ങാന്‍ അനുമതിയില്ല. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ്, സിപിഐഎം നേതാവ് യൂസഫ് തരിഗാമി എന്നിവര്‍ അറസ്റ്റിലായി.
മെഹ്ബൂബ മുഫ്തിയെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പിഡിപി-ബിജെപി സര്‍ക്കാരിന്റെ കാലത്ത് ജമ്മു കശ്മീര്‍ ബാങ്ക് നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ മെഹ്ബൂബ മുഫ്തിക്ക് ആന്റി കറപ്ഷന്‍ ബ്യൂറോ നോട്ടീസ് അയച്ചു. ചിലരെ നിയമിക്കണമെന്ന മന്ത്രിസഭാംഗങ്ങളുടെ ശുപാര്‍ശകള്‍ വാക്കാല്‍ എങ്കിലും ശരിവെച്ചോ എന്നതില്‍ വ്യക്തത ആവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചതില്‍ അദ്ഭുതമില്ലെന്നും രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണിതെന്നും മുന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് ഫണ്ട് ചെയ്തു എന്നാരോപിക്കുന്ന കേസില്‍ കശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിനെ എന്‍ഐഎ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി.
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളേത്തുടര്‍ന്ന് ദിവസങ്ങളായി ആശങ്കയിലാണ് കശ്മീര്‍ താഴ്വര. 35,000 അര്‍ദ്ധ സൈനികരെ വിന്യസിച്ചതും, സംസ്ഥാനം വിടണമെന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതും ആര്‍ട്ടിക്കിള്‍ 370ഉം 35 എയും പിന്‍വലിക്കാന്‍ വേണ്ടിയാണോ എന്ന സംശയം കശ്മീര്‍ സ്വദേശികളില്‍ ഉയര്‍ത്തുന്നുണ്ട്. ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കുമോ എന്നും ആശങ്ക നിലനില്‍ക്കുന്നു. ഭീതിയിലാണ്ട കശ്മീരികള്‍ ഭക്ഷണവും അവശ്യസാധനങ്ങളും ശേഖരിക്കുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.