‘സര്‍ജറിക്ക് അപേക്ഷിച്ചവര്‍ എന്ത് ചെയ്യും; ഡയാലിസിസും മരുന്നും മുടങ്ങും’; കാരുണ്യ നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ കരുണ തേടി രോഗികള്‍
സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ പദ്ധതി നിര്‍ത്താലാക്കിയതോടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗുരുതര രോഗം ബാധിച്ച രോഗികള്‍. കാന്‍സര്‍, ഹീമോഫീലിയ, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ബാധിച്ചവരാണ് തുടര്‍ ചികിത്സക്ക് ബുദ്ധിമുട്ടുന്നത്. കിടത്തി ചികിത്സ നടത്തുന്നവര്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് ആനുകൂല്യം പരിമിതപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
ലോട്ടറി വില്‍പ്പനയില്‍ നിന്നും കണ്ടെത്തുന്ന തുക ഉപയോഗിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയായിരുന്നു കാരുണ്യ. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായതോടെ കേരളം കാരുണ്യ പദ്ധതി നിര്‍ത്തലാക്കി. പകരം നിലവിലുള്ള എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട്് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരില്‍ നടപ്പാക്കി. ഏപ്രില്‍ മുതല്‍ നടപ്പാക്കിയ പദ്ധതി പ്രകാരം 85 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചത്. ജൂണ്‍ പതിനഞ്ച് വരെ 20 ലക്ഷം പേര്‍ പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒന്നരലക്ഷം പേര്‍ക്കാണ് സഹായം ലഭിച്ചത്. ഒരു കുടുംബത്തിന് വാര്‍ഷിക പ്രീമിയം 1671 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി പ്രീമിയം 1052 രൂപയാണ്. എന്നാല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ കഴിഞ്ഞ തുടര്‍ ചികിത്സ നടത്തുന്നവര്‍ക്കുള്ള സഹായവും കാരുണ്യയില്‍ ലഭിച്ചിരുന്നു. പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇത് ലഭിക്കുന്നില്ലെന്നാണ് പരാതി.
മരുന്നിനുള്ള സഹായം ലഭിക്കാതെ അപേക്ഷയുമായി വൃക്ക രോഗികള്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. അമ്പത്തിയാറര കോടിയുടെ സഹായം തേടിയുളള അപേക്ഷ കെട്ടിക്കിടക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.
അപേക്ഷ നല്‍കിയവരില്‍ കുറെ പേരുടെത് കെട്ടിക്കിടക്കുയാണ്. അപേക്ഷയും രേഖകളും സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സൈറ്റ് ഡൗണായി. സൈറ്റ് ശരിയായാല്‍ മാത്രമേ ഇവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. മൂന്ന് ദിവസമായിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. സര്‍ജറിക്കുള്ള അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പോലും പണം ലഭിക്കുമെന്ന് ഉറപ്പില്ല. മരുന്ന് കുറച്ച് പേര്‍ക്ക് ലഭിക്കുന്നുണ്ട്. കുറെ പേര്‍ക്ക് കിട്ടുന്നില്ല. ഡയാലിസിസും മുടങ്ങുമെന്ന സാഹചര്യമാണ്.
മുഹമ്മദ് കുട്ടി, വൃക്ക രോഗികളുടെ ബന്ധുക്കളുടെ അസോസിയേഷന്‍ ഭാരവാഹി
വൃക്ക മാറ്റിവച്ചവരുടെ തുടര്‍ ചികിത്സക്കാവശ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹൃദ്രോഗികള്‍, കീമോ തെറാപ്പി ചെയ്യുന്നവര്‍, ഹീമോഫീലിയ രോഗികള്‍ എന്നിവരെല്ലാം ആശങ്കയിലാണ്.
ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് കാരുണ്യ പദ്ധതിയ കൊണ്ടു വന്നത്. 2011-12 ബജറ്റില്‍ ധനമന്ത്രിയായിരുന്ന കെ എം മാണിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ ലോട്ടറി ഓഫീസുകളിലായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. ഇത് നിര്‍ത്തി. ബിപിഎല്‍ വിഭാഗങ്ങള്‍ക്കും മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ കാര്‍ഡുടമകള്‍ക്കുമായിരുന്നു സഹായം ലഭിച്ചിരുന്നത്. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് ജില്ലാ തലത്തിലുള്ള സമിതി അംഗീകരിച്ച് കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക അയച്ചാല്‍ തുക ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമായിരുന്നു. ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്കും ഈ തുക ലഭിക്കുമായിരുന്നു. മാര്‍ച്ച് 28 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കെ എം മാണി പദ്ധതി അവസാനിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.