ഹിജാബ് നിരോധനത്തില്‍ ഭിന്നവിധി ; കേസ് വിശാലബെഞ്ചിന്

ഹിജാബ് നിരോധനത്തില്‍ ഭിന്നവിധി ; കേസ് വിശാലബെഞ്ചിന്
Published on

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെയുള്ള ഹര്‍ജികളില്‍ ഭിന്ന വിധി. ഹിജാബ് നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. ഭിന്നവിധി വന്നതോടെ കേസിന്റെ തുടര്‍തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടു.

നേരത്തെ ഹിജാബ് നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികളും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

കോളേജ് മാനേജ്‌മെന്റിന് വിദ്യാര്‍ഥികളുടെ യുണിഫോണില്‍ തീരുമാനമെടുക്കാമോ, ഹിജാബ് ധരിക്കുന്നതും, അത് വിലക്കുന്നത് ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണോ. വിദ്യാര്‍ഥികള്‍ക്ക് മൗലികാവകാശം വിനിയോഗിക്കാമോ, ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമാണോ, സര്‍ക്കാര്‍ ഉത്തരവ് മൗലികാവകാശം ലംഘിക്കുന്നുണ്ടോ, സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലുള്ളതാണോ എന്നതെല്ലാം പരിശോധിക്കുമ്പോള്‍ തന്റെ ഉത്തരം ഹര്‍ജിക്കാര്‍ക്ക് എതിരാണെന്നായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞത്.

എന്നാല്‍ ഈ കേസ് ഇത് ചോയ്‌സിനെക്കുറിച്ച് മാത്രമുള്ളതായിരുന്നുവെന്നും ഹിജാബ് അനിവാര്യമായ മതാചാരമാണോ എന്ന് നോക്കേണ്ടതില്ലെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതി തെറ്റായ വഴിയിലൂടെയാണ് പോയതെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു.

മുന്നില്‍ ഏറ്റവും പ്രധാനപ്പെട്ടാതായുണ്ടായ ചോദ്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നതാണ്. വീട്ടുജോലികളും മറ്റും ചെയ്തിട്ടാണ് ചിലയിടങ്ങളില്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. അവരുടെ ജീവിതം ഏതെങ്കിലും വിധത്തില്‍ ഇതുകൊണ്ട് നമ്മള്‍ മെച്ചപ്പെട്ടതാക്കുന്നുണ്ടോ? ആദരവോട് കൂടെ തന്നെ വിയോജിക്കുന്നു. ഇത് ആര്‍ട്ടിക്കിള്‍ 19ന്റെയും 25ന്റെയും കേസ് മാത്രമാണ്. , സുധാന്‍ഷു ധൂലിയ പറഞ്ഞു

മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരത്തിന്റെയോ മതവിശ്വാസത്തിന്റെയോ ഭാഗമല്ല, സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് റീസണബിള്‍ റസ്ട്രിക്ഷന്റെ ഭാഗമായുള്ളതാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, സി.ജെ ഋതുരാജ് എ അശ്വതി, ജസ്റ്റിസ് ജെ.എം കാഴി എന്നിവരടങ്ങിയ കര്‍ണാടക ഹൈക്കോടതി ബഞ്ചായിരുന്നു കേസില്‍ വിധി പറഞ്ഞത്.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളൂം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ അത് തടയാന്‍ കോടതികള്‍ക്ക് ആകില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെത്തന്നെ പ്രാധാന്യമേറിയതാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ്. ഭരണഘടനയുടെ അനുഛേദം 19 (1) (എ) പ്രകാരം ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഹിജാബ് മതാചാരമാണെങ്കിലും അത് അനിവാര്യമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വാദം. മതാചാരം അനിവാര്യമാണെന്ന് വിലയിരുത്തണമെങ്കില്‍ അത് പാലിച്ചില്ലെങ്കില്‍ മതത്തില്‍നിന്ന് പുറത്തുപോകുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായിരിക്കണം. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in