ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രോഗികളെ കടത്തിവിടേണ്ടെന്ന നിലപാടില്‍ കര്‍ണാടക ; സുപ്രീം കോടതിയില്‍ അപ്പീലിനെന്ന് സൂചന
തലപ്പാടിയില്‍ ഡോക്ടറെയടക്കം നിയമിച്ച ശേഷം കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികളെ കടത്തിവിടുന്നതില്‍ നിന്ന് മലക്കം മറിഞ്ഞ് കര്‍ണാടക. വിഷയത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കര്‍ണാടകയുടെ നീക്കമെന്നറിയുന്നു. അതുവരെ രോഗികളുമായുള്ള ആംബുലന്‍സുകള്‍ കടത്തിവിടേണ്ടതില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ദേശീയ പാത തുറക്കാന്‍ ഇന്നലെ കൈീട്ട് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ രോഗികള്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാന്‍ കളമൊരുങ്ങിയതുമാണ്.
കൂടാതെ ക്രമീകരണം എന്ന നിലയില്‍ തലപ്പാടിയില്‍ ഡോക്ടറേയും കൂടുതല്‍ പൊലീസുകാരെയും വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് പിന്നോക്കം പോയ കര്‍ണാടക, ഇപ്പോള്‍ ആംബുലന്‍സുകളൊന്നും കടത്തിവിടേണ്ടതില്ലെന്ന നിലപാടിലാണ്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി അനുകൂല വിധി സമ്പാദിക്കാമെന്നാണ് കര്‍ണാടക കണക്കുകൂട്ടുന്നത്. ദേശീയ പാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട വിഷയമാണെന്നും അവയിലൂടെ സുഗമമായ യാത്ര ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് അതിര്‍ത്തി തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്ന കര്‍ണാടകയുടെ വാദത്തെ കോടതി വിമര്‍ശിച്ചിരുന്നു. പൗരന്റെ മൗലികാവകാശങ്ങളെ മാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. നേരത്തേ ഹൈക്കോടതി നിര്‍ദേശ പ്രകാരം കേരള കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിലായവും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അടച്ച അതിര്‍ത്തി തുറക്കാന്‍ കോടതി ഉത്തരവിട്ടത്.