'കരിപ്പൂരില്‍ മഴക്കാലത്ത് ലാന്‍ഡിംഗ് അനുവദിക്കരുത്'; 9 വര്‍ഷം മുമ്പത്തെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെ അധികൃതര്‍

'കരിപ്പൂരില്‍ മഴക്കാലത്ത് ലാന്‍ഡിംഗ് അനുവദിക്കരുത്'; 9 വര്‍ഷം മുമ്പത്തെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെ അധികൃതര്‍
Published on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് ലാന്‍ഡിംഗ് അനുവദിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. 9 വര്‍ഷം മുമ്പ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നതായി സുരക്ഷാ ഉപദേശക സമിതിയംഗം ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നു. കരിപ്പൂരിലേത് ടേബിള്‍ ടോപ്പ് റണ്‍വേയാണ്. റണ്‍വേ അവസാനിക്കുന്നിടത്ത് മതിയായ ബഫര്‍ സോണില്ലെന്നും മോഹന്‍ രംഗനാഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അവസാനിക്കുന്നിടത്ത് 90 മീറ്റര്‍ സ്ഥലം മാത്രമാണുള്ളത്. 240 മീറ്ററെങ്കിലും വേണം. റണ്‍വേയുടെ ഇരുവശത്തും 100 മീറ്ററാണ് അധികമായി വേണ്ടത്. കരിപ്പൂരില്‍ 75 മീറ്റര്‍ മാത്രമാണുള്ളതെന്നും മോഹന്‍ രംഗനാഥന്‍ പറയുന്നു.

മംഗലാപുരം വിമാനദുരന്തത്തിന് ശേഷം നല്‍കിയ നിര്‍ദേശങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടി സ്വീകരിച്ചില്ല.ടേബിള്‍ ടോപ്പ് റണ്‍വേയില്‍ മഴക്കാലത്ത് വിമാനം ഇറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളില്ലെന്ന് കാണിച്ച് വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നതായും ക്യാപറ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. റണ്‍വേയിലെ അമിതമായ റബ്ബര്‍ നിക്ഷേപമാണുള്ളത്. ഇത് രാത്രിയില്‍ കനത്ത മഴയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് അപകടത്തിന് ഇടയാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in