ജീവിക്കാനായി ഗള്‍ഫിലെത്തിയ ജാനകി; അന്ത്യവിശ്രമം അയല്‍വാസി നല്‍കിയ ഭൂമിയില്‍

ജീവിക്കാനായി ഗള്‍ഫിലെത്തിയ ജാനകി; അന്ത്യവിശ്രമം അയല്‍വാസി നല്‍കിയ ഭൂമിയില്‍
Published on

കോഴിക്കോട് മൂലാട് സ്വദേശിനി കുന്നോത്ത് ജാനകിക്ക് ജീവിതം പോരാട്ടമായിരുന്നു. കല്ല് ചുമന്നും റോഡ് പണി ചെയ്തും കുട്ടിക്കാലം മുതല്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. ആ ജീവിതയോട്ടം 54ാം വയസ്സില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അവസാനിച്ചു.

ദളിത് വിഭാഗത്തില്‍പ്പെട്ട നരയംകുളം കുന്നോത്ത് അരുമയുടേയും കണ്ടത്തിയുടെയും മകളായിരുന്നു ജാനകി. ചെറിയ പ്രായത്തില്‍ തന്നെ ടാറിംഗ് പണിക്ക് പോയി കുടുംബം പോറ്റി. രണ്ട് മക്കളെയും വിവാഹം കഴിപ്പിച്ചു. സ്വന്തമായി നാല് സെന്റ് ഭൂമി വാങ്ങി വീട് വെച്ചു. കുറച്ച് കൂടി മെച്ചപ്പെട്ട ജീവിതം തേടിയാണ് കടല്‍ കടന്നത്. കൊയിലാണ്ടി സ്വദേശികളാണ് കുഞ്ഞിനെ നോക്കാനായി ജാനകി രണ്ട് വര്‍ഷം മുമ്പ് ദുബായിലേക്ക് കൊണ്ടുപോയത്. കൊവിഡ് കാരണം ആ കുടുംബം പ്രതിസന്ധിയിലായപ്പോള്‍ ജാനകിയെ നാട്ടിലേക്ക് മടക്കി അയച്ചു. തിരിച്ചു വരവിലാണ് അപകടം സംഭവിച്ചത്.

മകന്റെ വിവാഹ ശേഷമാണ് ജാനകി ദുബായിലേക്ക് ജോലി തേടി പോയതെന്ന് അയല്‍വാസിയായ എ ദിവാകരന്‍ ദ ക്യുവിനോട് പറഞ്ഞു. എട്ട് സെന്റ് സ്ഥലം അച്ഛനില്‍ നിന്നും ജാനകിക്ക് ലഭിച്ചിരുന്നു. മകളുടെ വിവാഹത്തിനായി അത് വില്‍ക്കേണ്ടി വന്നു. ജോലി ചെയ്ത് നാല് സെന്റ് ഭൂമി വാങ്ങി വീടുവെച്ചു.അച്ഛന്‍ മരിച്ചു. അമ്മയും മൂന്ന് സഹോദരങ്ങളും ഉണ്ട്.

വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ ശരീരം അടക്കം ചെയ്യാന്‍ സ്ഥലമില്ലായിരുന്നു. ഇതോടെയാണ് അയല്‍വാസി ശോഭന സ്വന്തം ഭൂമിയില്‍ ജാനകിയുടെ ശരീരം അടക്കം ചെയ്യാന്‍ സമ്മതം നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in