'ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി', അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

'ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി', അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

Published on

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിയതായും മന്ത്രി അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിയതായും മന്ത്രി അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചുവെന്നാണ് അവസാനം ലഭിക്കുന്ന വിവരം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ട് പേര്‍ മരിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച ഷറഫുദ്ദീന്‍, രാജീവന്‍ എന്നിവരാണ് മരിച്ചത്. ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയും മരിച്ചു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഡി വി സാഠേ മരിച്ചു.

റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗതയിലാണ് തെന്നിമാറിയതെന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഫസ്റ്റ് ഓഫീസര്‍ അഖിലേഷിന് ഗുരുതര പരിക്കേറ്റു.

logo
The Cue
www.thecue.in