പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയും ആര്‍.എസ്.എസ് നേതാവുമായ നിജില്‍ ദാസിന് ഒളിച്ച് താമസിക്കാന്‍ വാടക വീട് നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മ നിയമനടപടിയിലേക്ക് നീങ്ങുന്നു.
പൊലീസിന്റേത് കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണെന്നും രേഷ്മയുടെ വക്കീല്‍. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ലെന്നും രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും അഭിഭാഷക പറഞ്ഞു.
നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു.
രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബി.ജെ.പി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. രേഷ്മയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍.എസ്.എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.
ഹരിദാസന്‍ വധകേസ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. നിജില്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ താമസിക്കാന്‍ വീട് നല്‍കിയതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.