ബനാന റിപ്പബ്ലിക് ഓഫ് യുപിയില്‍ നിന്ന് പുറത്തെത്തിയെന്ന് ട്വീറ്റ്, കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത് എട്ട് മണിക്കൂറിന് ശേഷം
കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പൊലീസ് വിട്ടയച്ചു. പ്രഭാഷണം നടത്താന്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ എത്താനിരുന്ന കണ്ണന്‍ ഗോപിനാഥനെ ആഗ്രയ്ക്ക് സമീപത്ത് വച്ച് യുപി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോണ്‍ പിടിച്ചെടുത്തുവെന്നും പൊലീസ് സ്റ്റേഷന് പകരം ഹോട്ടലിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എട്ട് മണിക്കൂറോളം യുപി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. വ്യക്തിഗത ബോണ്ടില്‍ തന്നെ വിട്ടയച്ചതായും ബനാനാ റിപ്പബ്ലിക് ഓഫ് ഉത്തര്‍ പ്രദേശിന്റെ അതിര്‍ത്തി വരെ പൊലീസ് അകമ്പടിയിലാണ് എത്തിച്ചതെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. എട്ട് മുപ്പത്തിയൊന്നിനാണ് ട്വീറ്റ്.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് സംഘടിപ്പിച്ചിരുന്നു. എത്തരുതെന്ന് കണ്ണന്‍ ഗോപിനാഥനോട് ജില്ലാ ഭരണകൂടം വെള്ളിയാഴ്ച അറിയിച്ചിരുന്നു. താന്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കാണിച്ച് പൊലീസ് ഒരു നോട്ടീസ് നല്‍കിയെന്നും കസ്റ്റഡിയിലെടുത്ത് ഒരു ഹോട്ടലിലേക്ക് കൊണ്ട് പോവുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ രാവിലെ കുറിച്ചു.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനത്തില്‍ പരസ്യമായി പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്.