ദേശീയ അവാര്‍ഡിന് പിന്നാലെ സവര്‍ക്കറെ ധ്യാനിച്ച് കങ്കണ, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

ദേശീയ അവാര്‍ഡിന് പിന്നാലെ സവര്‍ക്കറെ ധ്യാനിച്ച് കങ്കണ, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍
Published on

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിലെത്തി സവര്‍ക്കറെ ധ്യാനിച്ച് കങ്കണ. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ധ്യാനത്തിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. താരം പങ്കുവെച്ച ചിത്രങ്ങളും, അതോടൊപ്പമുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

തേജസ് എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കങ്കണ ആന്‍ഡമാനിലെത്തിയത്. എല്ലാ ക്രൂരതകളെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടയാളാണ് സവര്‍ക്കറെന്നാണ് സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ കങ്കണ അവകാശപ്പെടുന്നത്.

'കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്ലില്‍ എത്തി. അവിടം എന്നെ ഉലച്ചുകളഞ്ഞു. മനുഷ്യത്വമില്ലായ്മ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ ജിയുടെ രൂപത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും, എതിര്‍പ്പുകളെയും കണ്ണുകളില്‍ നോക്കിത്തന്നെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു.

അവര്‍ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അതുമാത്രമല്ല അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു, കൂറ്റന്‍ മതിലുകള്‍ ഉള്ള ഒരു ജയിലില്‍, ഒരു ചെറിയ സെല്ലില്‍ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നതുപോലെ. എന്തൊരു ഭീരുക്കളാണ്. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം, അവര്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ല. സവര്‍ക്കര്‍ജിയോടുള്ള നന്ദിയോടെയും ആദരവോടെയും ജയില്‍ മുറിയില്‍ ധ്യാനിച്ചു', കങ്കണ പറയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ നായകനാണ് സവര്‍ക്കറെന്നും കങ്കണ അവകാശപ്പെടുന്നുണ്ട്.

ധാക്കഡിന് ശേഷം കങ്കണ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തേജസ്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ധാക്കഡിന് പുറമെ മണികര്‍ണിക 2, സീത തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in