കല്ലടയ്ക്ക് കടിഞ്ഞാണ്‍,  ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

കല്ലടയ്ക്ക് കടിഞ്ഞാണ്‍, ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

Published on

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി തൃശൂര്‍ ആര്‍ടിഐ സമിതി അറിയിച്ചു. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും പെര്‍മിറ്റ് റദ്ദാക്കരുതെന്നായിരുന്നു സുരേഷ് കല്ലടയുടെ വാദം.

യാത്രക്കാരെ മര്‍ദ്ദിക്കുകയും യുവതിക്ക് നേരെ പീഡന ശ്രമമുണ്ടാകുകയും ചെയ്ത കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി ഉടനുണ്ടാവില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടിവി അനുപമ വിളിച്ചു ചേര്‍ത്ത റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) യോഗത്തില്‍ വൈകുന്നേരത്തോടെ നടപടിയുണ്ടായി.

യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ പുറത്താക്കിയെന്നും ഇവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തെന്നും മാനേജ്മെന്റ് പ്രതിനിധി ചൂണ്ടിക്കാണിച്ചു. ഇത്രയും നടപടിക്ക് ശേഷം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ശരിയല്ലെന്നും നിയമപരമായ പ്രശ്നം കൂടി ഉണ്ടെന്നും കല്ലട അഭിഭാഷകന്‍ ആര്‍ടിഎ അതോറിറ്റിയെ അറിയിച്ചു.

ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു.

കല്ലടയ്ക്ക് കടിഞ്ഞാണ്‍,  ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി
വീണ്ടും കല്ലട, രാത്രിയില്‍ വഴിയില്‍ യാത്രക്കാരിയെ ഉപേക്ഷിച്ച് യാത്ര, പിന്നാലെ ഓടിച്ചു, ചോദിക്കാനെത്തിയ ആളോട് ഇത് കല്ലടയാണെന്ന് ഡ്രൈവര്‍

ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരിങ്ങാലക്കുടയിലെ ജോയിന്റ് ആര്‍ടിഒ ആണ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതിക്ക് ശേഷം മതി നടപടിയെന്ന് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കളക്ടര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം വിളിച്ചത്.

കല്ലടയ്ക്ക് കടിഞ്ഞാണ്‍,  ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി
കല്ലട ബസ് തടഞ്ഞ് ‘കൊല്ലടാ’ എന്നാക്കി യൂത്ത് കോണ്‍ഗ്രസ്: വീഡിയോ   

ഏപ്രില്‍ 20 ന് രാത്രിയിലാണ് ബാംഗ്ലൂരിലേക്കുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സുരേഷ് കല്ലട ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് എറണാകുളം നഗരത്തിലിട്ട് വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ബസ്സിന്റെ പേര്‍മിറ്റ് റദ്ദാക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രണ്ട് മാസത്തിനിടെ കല്ലടയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് കൈയ്യും കെട്ടി നിന്നതും വിമര്‍ശനത്തിനിടയാക്കി. ഏറ്റവുമൊടുവില്‍ ഒരു യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്ന് പീഡനശ്രമമുണ്ടായി. വാഹനം അശ്രദ്ധമായോടിച്ച് മറ്റൊരു ബസ്സിലെ യാത്രക്കാരന്റെ തുടയെല്ലൊടിച്ചെന്നും പരാതി ഉയര്‍ന്നു. പഴയ പരാതിയില്‍ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ലെന്ന വിവരം ഇതിന് പിന്നാലെ പുറത്തായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മെല്ലപ്പോക്ക് വിവാദത്തിലായത്. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ആര്‍ടിഎ യോഗം വിളിപ്പിച്ചത്.

logo
The Cue
www.thecue.in