കുറ്റപ്പെടുത്തുന്നവരോടും പ്രിയം മാത്രം, സ്വയം നവീകരിക്കാന്‍ ശ്രമമെന്ന് കൈലാഷ്

കുറ്റപ്പെടുത്തുന്നവരോടും പ്രിയം മാത്രം, സ്വയം നവീകരിക്കാന്‍ ശ്രമമെന്ന് കൈലാഷ്
Published on

വ്യക്തിഹത്യയിലും സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നടന്‍ കൈലാഷ്. 'മിഷന്‍ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടിയാണെന്നും കൈലാഷ്.

കൈലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടന്‍ ചുരം കയറിയത്. ഈ വേളയില്‍,

'മിഷന്‍ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.

വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും

സ്വയം നവീകരിക്കാനും വേണ്ടി..

നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം.

പക്ഷേ,

മനപ്പൂര്‍വ്വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും.

എങ്കിലും,

ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ.

വഴിയരികില്‍ നിറയെ മഞ്ഞ പടര്‍ത്തി കണിക്കൊന്നകള്‍...

'മഞ്ഞ'യ്ക്കുമുണ്ട് വിവിധാര്‍ത്ഥങ്ങള്‍.

മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല,

മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം.

സ്‌നേഹിക്കുന്നരോടും

ഒപ്പം നില്‍ക്കുന്നവരോടും

കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.

ഏവര്‍ക്കും വിഷു ദിനാശംസകള്‍ !

ഒപ്പം പുണ്യ റംസാന്‍ ആശംസകളും.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന സിനിമയിലെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് കൈലാഷിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. തോക്കേന്തി നില്‍ക്കുന്ന കമാന്‍ഡോയുടെ റോളിലായിരുന്നു കാരക്ടര്‍ പോസ്റ്റര്‍.

സകലകലാശാലക്ക് ശേഷം വിനോദ് ഗുരുവായൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ്'മിഷന്‍ സി'. അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്.

Related Stories

No stories found.
logo
The Cue
www.thecue.in