മന്ത്രി കെടി ജലീലിന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചത് അത്രവലിയ വിഷയമല്ലെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സാമൂഹിക വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും മന്ത്രി.
പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല, കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ട്. സങ്കുചിത രാഷ്ട്രീയം വെച്ചാണ് ഇപ്പോള്‍ ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്. തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടമാണിത്. അത്തരം ഒരു സാഹചര്യമുണ്ടായാല്‍, രാഷ്ട്രീയതാല്‍പര്യത്തിനായി അനാവശ്യമായി ജനങ്ങളെ തെരുവിലിറക്കുന്നവര്‍ക്കാകും ഇതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രി സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് പോയ വിഷയത്തോട് പ്രതികരിക്കാന്‍ കടകംപള്ളി തയ്യാറായില്ല.
നേരത്തെ കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇ.ഡി ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും, ജലീല്‍ തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്നുമായിരുന്നു പ്രതികരണം. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും എം.എം മണി പറഞ്ഞിരുന്നു.