ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍.പ്രശാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് എം.ഒ.യുവില്‍ എന്‍.പ്രശാന്ത് ഒപ്പുവച്ചത്. തന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഐ.എ.എസ് ഓഫീസര്‍ പ്രശാന്തിനെ കൊണ്ട് എം.ഒ.യു ഒപ്പിടിവിപ്പിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ഉണ്ടയില്ലാ വെടിയാണ് ഇതെന്നും കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് എന്‍.പ്രശാന്ത് എം.ഒ.യു ഒപ്പുവപ്പിച്ചെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ധാരണാപത്രം അന്ന് തന്നെ എന്‍.പ്രശാന്ത് ചെന്നിത്തലയ്ക്ക് കൈമാറി. സര്‍ക്കാര്‍ ഒപ്പുവെച്ചെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരുത്തുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ട കാര്യം കെ.എസ്.ഐ.എന്‍.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രശാന്തുമായി സംസാരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.