56 ശതമാനം ഹിന്ദുവോട്ടില്‍ നിന്നാണ് മൂന്ന് ലക്ഷം വോട്ട് ലഭിച്ചത്, കെ സുരേന്ദ്രന്‍ 

56 ശതമാനം ഹിന്ദുവോട്ടില്‍ നിന്നാണ് മൂന്ന് ലക്ഷം വോട്ട് ലഭിച്ചത്, കെ സുരേന്ദ്രന്‍ 

Published on

ലോകസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ തനിക്ക് ലഭിച്ചത് ഹിന്ദു വോട്ടുകളാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മണ്ഡലത്തില്‍ 56 ശതമാനം ഹിന്ദുവോട്ടുകളുണ്ട്. ആ ഹിന്ദുവോട്ടില്‍ നിന്നാണ് ബിജെപി മൂന്ന് ലക്ഷം വോട്ട് നേടിയിരിക്കുന്നത്. അല്ലാതെ നൂറ് ശതമാനത്തില്‍ നിന്നല്ല. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ അധികം തനിക്ക് ലഭിച്ചിട്ടില്ലെന്നും മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്തനംതിട്ടയില്‍ ഒരുലക്ഷത്തിമുപ്പത്തിയെട്ടായിരം വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നരലക്ഷത്തിലേക്ക് വോട്ട് ഉയര്‍ത്തിയത് ശബരിമല വിഷയം ഉയര്‍ത്തി പ്രചരണം നടത്തിയത് കൊണ്ടാണ്. എന്നാല്‍ പിണറായി വിജയനെ തോല്‍പ്പിക്കാനാണ് ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്ന വിശ്വാസം നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്താല്‍ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് ജയിക്കുമെന്ന പ്രചരണമുണ്ടായി. ഇത് തനിക്ക് തിരിച്ചടിയായി. സ്ത്രീ പ്രവേശന നിലപാടില്‍ മലക്കം മറിഞ്ഞിട്ടില്ലെന്നും ആശയപരമായ നിലപാട് വ്യക്തമാക്കുകയായിരുന്നു നേരത്തെ ചെയ്തത്. എന്നാല്‍ സാഹചര്യം ആവശ്യപ്പെട്ടതനുസരിച്ച് നിലപാട് മാറ്റി.

കുമ്മനം രാജശേഖരനെ ബിജെപി അവഗണിച്ചിട്ടില്ല. അര്‍ഹമായ രീതിയില്‍ കുമ്മനം പരിഗണിക്കപ്പെടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വ്യക്തിപരമായി തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് ഇനി മത്സരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്താണ് ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. അല്ലെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. പ്രാദേശിക നേതാക്കളില്‍ ആരെങ്കിലുമായിരിക്കും മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വാര്‍ത്തകളെയും കെ സുരേന്ദ്രന്‍ തള്ളി. ബിജെപിയില്‍ വിഭാഗിയതയില്ല, താന്‍ ഒരു വിഭാഗിയതയുടെയും വക്താവല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് പി സി ജോര്‍ജ്ജ് എന്‍ഡിഎയുടെ ഭാഗമായത്. വോട്ടരമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പി സി ജോര്‍ജ്ജിന് സമയം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് വളര്‍ച്ച രേഖപ്പെടുത്തുന്ന പാര്‍ട്ടി ബിജെപിയാണ.് 15 വര്‍ഷത്തിനിടെ വോട്ടിംഗ് ശതമാനം ഉയര്‍ത്തിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

logo
The Cue
www.thecue.in