സി കെ ജാനുവിന്റെ എൻ ഡി എ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ജെ ആർപി ട്രഷറർ പ്രസീതയുമായി നടത്തിയ വാട്സാപ്പ് സന്ദേശം പുറത്ത്. എൻ ഡി എയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സി കെ ജാനുവുമായി സംസാരിക്കുവാനുള്ള സാഹചര്യം ഒരുക്കിയത് പ്രസീതയാണെന്ന് വെളിപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സി കെ ജാനുവുമായി സംസാരിക്കുന്നതിന് പ്രസീത ഇടനിലക്കാരിയായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ സുരേന്ദ്രന്റെ വാദം അവാസ്തവമാണ് എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന വാട്സാപ്പ് സന്ദേശം.
രണ്ട് ദിവസം മുന്‍പാണ് എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവിനായി ലഭിച്ച തുകയും സ്വന്തം കാര്യത്തിന് വകമാറ്റിയെന്നും പ്രസീത പറഞ്ഞിരുന്നു. ആരോപണങ്ങള്‍ തെറ്റെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നുമായിരുന്നു സി.കെ ജാനുവിന്‍റെ പ്രതികരണം. സുരേന്ദ്രനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
കെ സുരേന്ദ്രനും സി കെ ജാനുവും തമ്മിലുള്ള സംഭാഷണത്തിന് കാരണമായ സാഹചര്യം ഇങ്ങനെ;
കാട്ടിക്കുളത്തെ സി കെ ജാനുവിന്റെ വീട്ടിലെത്തി കെ സുരേന്ദ്രൻ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ എൻഡിഎയിലേക്ക് വരുന്നതിനെക്കുറിച്ചുള്ള കൃത്യമായ സൂചന നൽകുവാൻ സി കെ ജാനു തയ്യാറായില്ല. അതിന് ശേഷം ജെആർപി ട്രഷറർ പ്രസീതയുമായും പാർട്ടിയിലെ മറ്റ് പ്രവർത്തകരുമായും കെ സുരേന്ദ്രൻ നിരന്തരം സംസാരിച്ച് കൊണ്ടിരുന്നു. ഏതുവിധേയനെയും സികെ ജാനുവിനെ എൻഡിയിലേയ്ക്ക് കൊണ്ടുവരണം എന്നാണ് കെ സുരേന്ദ്രൻ ജെആർപി പ്രവർത്തകരോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം പ്രവർത്തകർ സി കെ ജാനുവുമായി സംസാരിച്ചെങ്കിലും അവർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. തനിക്ക് കുറെ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നായിരുന്നു സി കെ ജാനുവിന്റെ മറുപടി. ഇതിന് പിന്നാലെ കെ സുരേന്ദ്രൻ സി കെ ജാനുവിനെ നിരന്തരം ഫോണിൽ വിളിക്കുമെങ്കിലും സി കെ ജാനു ഫോൺ എടുക്കുവാൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് കെ സുരേന്ദ്രൻ ജെആർപി പ്രവർത്തകരോട് സി കെ ജാനു തന്റെ ഫോൺ എടുക്കാത്തതിനെ കുറിച്ച് സംസാരിച്ചു. സി കെ ജാനുവുമായി സംസാരിക്കുവാൻ ജെആർപിയിലെ ശ്രീലേഷ് എന്ന പ്രവർത്തകനെ പാർട്ടി നിയോഗിച്ചു. ശ്രീലേഷ് ജാനുവിന്റെ വീട്ടിലെത്തിയതിന് ശേഷം പ്രസീത ശ്രീലേഷിന്റെ നമ്പർ കെ സുരേന്ദ്രന് അയച്ച് കൊടുത്തു. ഈ നമ്പറിൽ വിളിച്ചാൽ സി കെ ജാനുവുമായി സംസാരിക്കുവാൻ സാധിക്കും എന്നും വാട്സാപ് മുഖേന സന്ദേശം അയച്ചു. അങ്ങനെ കെ സുരേന്ദ്രൻ ശ്രീലേഷിന്റെ നമ്പറിൽ വിളിക്കുകയും സി കെ ജാനുവുമായി സംസാരിക്കുകയും ചെയ്തു. തുടർന്നാണ് എൻ ഡി എയിൽ ചേരുവാൻ സി കെ ജാനു തയ്യാറായത്.