കേരള പൊലീസിലും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐ.എസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. പൊലീസ് ആസ്ഥാനത്ത് ഐ.എസിന്റെ സ്ലീപിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്തെ ഈമെയിൽ വിവരങ്ങൾ ചോർത്തി കൊടുത്തതിന് പുറത്താക്കിയ ഷാജഹാൻ എന്ന എസ്.ഐയെ പിണറായി സർക്കാർ സ്ഥാനക്കയറ്റത്തോടെ സർവീസിൽ തിരിച്ചെടുത്തു. കേരള പൊലീസിൽ ഐ.എസ് സാന്നിധ്യമുണ്ടെന്ന് ഡി.ജി.പി പറയില്ല, എന്നാൽ താൻ പറഞ്ഞു തരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രൻ പറഞ്ഞത്
സംസ്ഥാനത്തെ പൊലീസ് സേനയിൽ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. കോന്നിയിലും പത്തനാപുരത്തും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊല്ലത്ത് നിന്നുള്ള ഇന്റലിജൻസ് ഡി.വൈ.എസ്.പി സംശയത്തിന്റെ നിഴലിലാണ്. എന്നാൽ അയാളെ സ്ഥലം മാറ്റുകയാണുണ്ടായത്. സ്പെഷ്യൽ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും അടക്കം ഇത്തരക്കാരുണ്ടെന്നും അവർക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ മാന്യത നല്‍കുന്നതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. സംസ്ഥാനത്തെ ഐ.എസ് സാന്നിധ്യത്തെ കുറിച്ച് ഡി.ജി.പി നടത്തിയ പ്രസ്താവനയോട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം.