'മോദിയുടെ പതനം കര്‍ഷകസമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു'; കെ.സുധാകരന്‍

'മോദിയുടെ പതനം കര്‍ഷകസമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു'; കെ.സുധാകരന്‍
Published on

രാജ്യത്തെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭസൂചന നല്‍കുന്നു. മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകര്‍ക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ഉജ്വല പോരാട്ടം നടത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയത്.

ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. മരംകോച്ചുന്ന തണുപ്പത്തും, ജ്വലിക്കുന്ന വെയിലിലും അവര്‍ ഉരുകിയില്ല. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in