വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലായിരുന്നു, അവരെന്തിന് പോയെന്ന് അറിയില്ല; ന്യായീകരിക്കാന്‍ ഇല്ലെന്ന് കെ. സുധാകരന്‍

വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലായിരുന്നു, അവരെന്തിന് പോയെന്ന് അറിയില്ല; ന്യായീകരിക്കാന്‍ ഇല്ലെന്ന് കെ. സുധാകരന്‍
Published on

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട് എന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രതിഷേധക്കാരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയുന്നില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പി. ജയരാജനെതിരെ പരാതിയുമായി മുന്നോട്ട് പോകും. തള്ളിയിട്ടത് ജയരാജന്‍ ആണ്. വാ തുറന്നാല്‍ വിടുവായിത്തം അല്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയില്ല. രാഷ്ട്രീയത്തില്‍ സി.പി.ഐ.എം അദ്ദേഹത്തെ എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് അത്ഭുതമാണെന്നും സുധാകരന്‍ പറഞ്ഞു.

ഈ പാര്‍ട്ടിയെ എവിടെ കൊണ്ടു പോകുന്നു എന്ന് അണികള്‍ പുനരാലോചന നടത്തണം. എത്ര കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു? തങ്ങള്‍ക്കെന്താ അടിച്ചു തകര്‍ക്കാന്‍ പറ്റില്ലേ? പക്ഷെ തങ്ങള്‍ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അത് പാര്‍ട്ടിയുടെ അന്തസും പൊതു സ്വഭാവവുമാണ്. കോണ്‍ഗ്രസിന് ജനാധിപത്യ സ്വഭാവമാണുള്ളത് എന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് സില്‍വര്‍ ലൈനില്‍ നിന്ന് പിന്മാറേണ്ട സ്ഥിതിയുണ്ടായെന്നും അദ്ദേഹം സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സുധാകരന്റെ വാക്കുകള്‍

കെ റെയില്‍ പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്. എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടു എന്നാണ് പറയുന്നത്. ഇ.പി ജയരാജന്റെ പ്രസ്താവന എടുത്ത് പരിശോധിച്ചാല്‍ മനസിലാവും. മുഖ്യമന്ത്രിയുടെ പ്രായം പോലും അവര്‍ക്ക് അറിയില്ല. ജയരാജന്‍ തന്നെ രണ്ട് കാര്യം പറഞ്ഞു. ഒന്ന് മുഖ്യമന്ത്രിക്കെതിരെ വന്നു, മുഖ്യമന്ത്രി ഇറങ്ങി പോയതിന് ശേഷം ഞാന്‍ പെട്ടി എടുക്കുമ്പോഴാണ് എന്റെ നേരെ കുതിച്ച് വന്നത്. വാ തുറന്ന നുണ പറയുന്ന രാഷ്ട്രീയ നേതൃത്വം. സിപിഐഎമ്മിന്റെ അണികളോട് ചോദിക്കുന്നു, കൊള്ളാവുന്ന തന്റേടമുള്ള നേതാക്കളില്ലേ നിങ്ങള്‍ക്ക്? അന്തസുള്ള ആഭിജാത്യമുള്ള നേതാക്കള്‍ സി.പി.ഐ.എമ്മിന് വേണ്ടേ?

ഈ പാര്‍ട്ടിയെ എവിടെ കൊണ്ടു പോകുന്നു എന്ന് അണികള്‍ പുനരാലോചന നടത്തണം. എത്ര കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു? ഞങ്ങള്‍ക്കെന്താ അടിച്ചു തകര്‍ക്കാന്‍ പറ്റില്ലേ? പക്ഷെ ഞങ്ങള്‍ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അത് പാര്‍ട്ടിയുടെ അന്തസും പൊതു സ്വഭാവവുമാണ്. കോണ്‍ഗ്രസിന് ജനാധിപത്യ സ്വഭാവം.

ബോംബെറിയാനും സോഡാകുപ്പി എറിയാനും ഒക്കെ ഞങ്ങള്‍ക്കും ആളുകളെ കിട്ടും. സമന്വയം പാലിക്കുന്നത് രാഷ്ട്രീയ മര്യാദയാണ്. ആ അന്തസ്സൊന്നും അവകാശപ്പെടാന്‍ സി.പി.ഐ.എമ്മിനില്ല. അതുകൊണ്ട് അവരില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഇപ്പോഴത്തെ ഈ ആക്രമണങ്ങള്‍ നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും എന്ന് മാത്രം പറയാം.

ഇ.പി. ജയരാജനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകും. അടിച്ചത് ഇ.പിയാണ്. അയാളാരാ തള്ളിയടാന്‍? എല്ലാത്തിനും അതിന്റെതായ നിയമം ഉണ്ട്. വിമാനത്തിനകത്തും പ്രത്യേക നിയമം ഉണ്ട്. അവിടെ പരാതി കൊടുക്കേണ്ടതെങ്ങനെ എന്നൊക്കെ ഒരു സിസ്റ്റം ഉണ്ട്. അങ്ങനെ മാത്രമേ അവിടെ പരാതി കൊടുക്കാന്‍ കഴിയുള്ളു. തല്ലിയത് ഇ.പിയാണ്. കുട്ടികള്‍ തല്ലിയിട്ടില്ല. കുട്ടികള്‍ കള്ളു കുടിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ കള്ള് കുടിച്ചിട്ടില്ല എന്ന് പറയുന്നു. പറയുന്ന കാര്യത്തില്‍ എന്തെങ്കിലും വിശ്വസ യോഗ്യമായത് പറയാന്‍, ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്നെങ്കിലും ഇ.പി. ജയരാജന് സാധിച്ചിട്ടുണ്ടോ?

വാ തുറന്നാല്‍ വിടുവായിത്തം അല്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയില്ല. രാഷ്ട്രീയത്തില്‍ സി.പി.ഐ.എം അദ്ദേഹത്തെ എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് അത്ഭുതമാണെനിക്ക്.

വിമാനത്തിലെ പ്രതിഷേധത്തെ ഞങ്ങള്‍ ആരും പ്രോത്സാഹിപ്പിച്ചിട്ടില്ല. അവര്‍ എന്തിന് പോയി എന്ന് പോലും നമ്മള്‍ക്ക് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ അവരെ കണ്ടിട്ടില്ല, സംസാരിക്കാന്‍ പറ്റിയിട്ടില്ല. അത് പക്ഷെ അവരുടെ പ്രതിഷേധത്തെ തള്ളിപ്പറയുകയല്ല. ഒരു പുതിയ പ്രതിഷേധമെന്ന് കരുതി പോയതായിരിക്കാം. എന്നാല്‍ അത് ആവശ്യമില്ലാത്തതായിരുന്നു എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ അതിനെ ന്യായീകരിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in