'നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല'; ധീരജ് കൊലപാതകത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും കെ.സുധാകരന്‍

'നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല'; ധീരജ് കൊലപാതകത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും കെ.സുധാകരന്‍
Published on

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളേജിലെ എസ്.ഫെ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ ന്യായീകരിച്ച് വീണ്ടും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ''നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല. എസ്.എഫ്.ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍.

കെ.എസ്.യുവിന്റെ ഭാഗത്ത് നിന്ന് ധീരജിനെ വെട്ടാന്‍ ആരും പോയിട്ടില്ല. വെട്ടാന്‍ പോയി എന്ന് പറയുന്നവരൊക്കെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരായിരുന്നു.

ധീരജിനെ പൈലി കുത്തുന്നത് ആരും കണ്ടിട്ടില്ല. അതാണ് താന്‍ പറഞ്ഞത് ഇരന്നു വാങ്ങിയതാണ് എന്ന്. അത് നല്ല വാക്കുകളാണ് എന്നെനിക്ക് അഭിപ്രായം ഒന്നുമില്ല. എന്നാല്‍പോലും ഞാനത് പറയേണ്ടി വന്നത് ഞങ്ങളുടെ കുട്ടികളുടെ നിരപരാധിത്വം സമൂഹത്തെ ബോധ്യപ്പെടുത്താനാണ്, എന്നാണ് കെ.സുധാകരന്‍ പറഞ്ഞത്.

കെ.സുധാകരന്റെ വാക്കുകള്‍

നിഖില്‍ പൈലി ആരെയും കൊല്ലാന്‍ പോയിട്ടില്ല. കോളേജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഹോസ്റ്റലില്‍ ഗുണ്ടകളെ കൊണ്ടുപോയി താമസിപ്പിച്ച് മൂന്ന് നാല് തവണ കെ.എസ്.യുവിന്റെ കുട്ടികളെ ആക്രമിച്ചു.

ഒടുവില്‍ തെരഞ്ഞെടുപ്പിന്റെ റിസല്‍ട്ട് വരുന്ന ദിവസം പുറത്ത് കാത്തിരുന്ന് കെ.എസ്.യുവിന്റെ കുട്ടികളെ പത്ത് നാല്‍പതോളം ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും ഗുണ്ടകള്‍ വളഞ്ഞ് അക്രമിക്കാന്‍ നോക്കുമ്പോള്‍ ഓടി രക്ഷപ്പെട്ടവരാണവര്‍, അവര്‍ തിരിച്ചടിക്കാന്‍ നിന്നവരല്ല, തിരിച്ച് കുത്താന്‍ നിന്നവരല്ല. ആരെയും കൊല്ലാന്‍ നിന്നവരല്ല.

അവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കോളേജിന്റെ മുന്നില്‍ കാത്തിരുന്ന കുട്ടികളാണ്. അവരെ പത്തറുപതോളം സി.പി.ഐ.എമ്മിന്റെ ഗുണ്ടകള്‍ ആയുധമെടുത്ത് ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെട്ടവരാണവര്‍. അതാണ് വ്യത്യാസം. ആ ഓടി രക്ഷപ്പെട്ടവന്റെ പുറകെ പോയി രണ്ട് കിലോ മീറ്ററോളം ഓടി വീണിടത്താണ് സംഭവം.

ഞാന്‍ ചോദിക്കുന്നത് ധീരജിനെ ആരാണ് കൊല്ലാന്‍ പോയത്. കെ.എസ്.യുവിന്റെ ഭാഗത്ത് നിന്ന് ആരാണ് ധീരജിനെ വെട്ടാന്‍ പോയത്. ആരും പോയില്ല. വെട്ടാന്‍ വേണ്ടി പോയി എന്ന് പറയുന്നവരൊക്കെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ്. അവര്‍ അക്രമത്തിന് നിന്നിട്ടില്ല. അവര്‍ അടിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ നിന്നിട്ടില്ല. അവര്‍ അക്രമികളെ കണ്ടപ്പോള്‍ ഓടി. ഓടിയവരുടെ പിറകേ അക്രമികള്‍ ഓടി.

ഓടി ഓടി തളര്‍ന്നവന്‍ വീണു. വീണിടത്ത് എന്ത് സംഭവിച്ചുവെന്ന് എസ്.എഫ്.ഐക്കാര്‍ക്ക് പോലും അറിയില്ല. ധീരജിനെ പൈലി കുത്തുന്നത് ആരും കണ്ടിട്ടില്ല. ഇത്രയും ആളുകള്‍ ഉണ്ടായിട്ടും കുത്തുന്നത് ആരും കണ്ടിട്ടില്ല. കണ്ടു എന്ന് ആരും പറഞ്ഞിട്ടില്ല. പൊലീസുകാര്‍ കണ്ടിട്ടില്ല. അവിടെ മനസിലാക്കേണ്ടത്, അതാണ് ഞങ്ങള്‍ പറഞ്ഞത് മരണം ഇരന്നു വാങ്ങിയതാണ് എന്ന്.

നല്ല വാക്കുകളാണ് എന്നെനിക്ക് അഭിപ്രായം ഒന്നുമില്ല. എന്നാല്‍പോലും ഞാനത് പറയേണ്ടി വന്നത് ഞങ്ങളുടെ കുട്ടികളുടെ നിരപരാധിത്വം സമൂഹത്തെ ബോധ്യപ്പെടുത്താനാണ്. അവര്‍ ആക്രമിക്കാന്‍ പോയവരല്ല. അവര്‍ കൊല്ലാന്‍ പോയവരല്ല. അവര്‍ അവിടെ കെ.എസ്.യുവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പോയതാണ്.

അവരെ വെട്ടാനും കുത്താനും ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. അവര്‍ കുത്തിയെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ എസ്.എഫ്.ഐക്കാര്‍ പോലും അവര്‍ കുത്തിയെന്ന് പറയുന്നുപോലുമില്ല. അവര്‍ ആരെങ്കിലും കുത്തിയെന്ന് എസ്.എഫ്.ഐക്കാര്‍ പറഞ്ഞോ സാക്ഷി. ഇല്ലല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in