കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെന്ന് പറഞ്ഞ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയില്ല, അത് ദുഃഖിപ്പിച്ചു: എ.കെ.ആന്റണി

K R Gouri Amma
K R Gouri Amma
Published on

കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി. തന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നതെന്നും എ.കെ.ആന്റണി.

എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്

ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.

കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.

വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും

സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു

Related Stories

No stories found.
logo
The Cue
www.thecue.in