14 പേരും യോഗ്യര്‍, നടന്നത് വിശാലമായ ചര്‍ച്ച; ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും തള്ളി കെ. മുരളീധരന്‍

14 പേരും യോഗ്യര്‍, നടന്നത് വിശാലമായ ചര്‍ച്ച; ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും തള്ളി കെ. മുരളീധരന്‍
Published on

ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി എം.പി. കെ. മുരളീധരന്‍. കോണ്‍ഗ്രസില്‍ ഇത്തവണ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഗ്രൂപ്പുകളുണ്ടെന്നും മുതിര്‍ന്നവര്‍ക്ക് അവരുടേതായ പരിചയ സമ്പത്ത് ഉള്ളവരാണെന്നും അവരെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധിയടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഇത്തവണ വിശാലമായ ചര്‍ച്ചയാണ് നടന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ രംഗത്തെതതിയിരുന്നു.

പണ്ടൊക്കെ ചര്‍ച്ച നടത്തുമായിരുന്നു. നേതാക്കളുമായി കൂടിയാലോചന നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

നടക്കാത്ത ചര്‍ച്ച നടന്നുവെന്ന് പറഞ്ഞതായും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ചര്‍ച്ച നടത്തുമെന്നായിരുന്നു പറഞ്ഞത്, പക്ഷേ നടന്നില്ല. ശിവദാസന്‍ നായകര്‍ക്കും അനില്‍കുമാറിനും എതിരെ സ്വീകരിച്ച നടപടിയെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശനം നടത്തിയതിനാണ് കെ.ശിവദാസന്‍ നായര്‍ക്കും കെ.പി അനില്‍കുമാറിനും സസ്പെന്‍ഷന്‍ നല്‍കിയത്. സസ്പെന്‍ഷന്‍ കയ്യില്‍ വച്ചാല്‍ മതിയെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

മുരളീധരന്റെ വാക്കുകള്‍

തിരുവനന്തപുരത്തും വയനാടും മുന്‍ എം.എല്‍.എമാരാണ് അധ്യക്ഷന്മാരായിട്ട് വന്നത്. മറ്റു പല ജില്ലകളിലെയും ജില്ലാ അധ്യക്ഷന്മാര്‍ പ്രാദേശികമായ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വന്നവരും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുവന്നവരും ഒക്കെ ആണ്. കൂടുതല്‍ ജനകീയമായ മുഖമാണ് പുനസംഘടനയോടെ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഒരു അഴിച്ചുപണി നടക്കുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ചവേണം. ഇതൊന്നും ഒറ്റരാത്രികൊണ്ട് ഉണ്ടാക്കാവുന്നതല്ല, അതുകൊണ്ടാണ് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ നടന്നത്.

ന്യൂനതയുണ്ടെങ്കില്‍ ആലോചിക്കാവുന്നതേയുള്ളു. എല്ലാകാലത്തും ഉദ്ദേശിച്ചത് പോലെ പട്ടിക വരാറില്ല.

എല്ലാവര്‍ക്കും ഗ്രൂപ്പുകളും അവരുടേതായ നിലപാടുകളും ഉണ്ട്. ഇപ്പോള്‍ നിയമിച്ച എല്ലാവരും ആ സ്ഥാനങ്ങളില്‍ യോഗ്യരാണ്. ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ അവരൊക്കെ മുതിര്‍ന്നവരാണ്. നന്നായിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ്. 70 വയസ്സ് കഴിഞ്ഞാല്‍ എഴുന്നേറ്റ് നടക്കാന്‍ പറ്റില്ലെന്നാണ് ചില പ്രതികരണങ്ങള്‍. മുതിര്‍ന്നവരെ വെച്ചുവെന്ന് വിചാരിച്ച് അവരാരും എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവരോ വൃദ്ധ സദനത്തിലെ അംഗങ്ങളോ ഒന്നും അല്ല. ഇവരെല്ലാം നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണ്.

കാസര്‍ഗോഡും മലപ്പുറത്തും കോഴിക്കോടുമൊക്കെ ചെറുപ്പക്കാരെയാണ് നിര്‍ത്തിയിരിക്കുന്നത്. പാലക്കാട് ഏതോ ഒരു തങ്കപ്പന്‍ അല്ല. അദ്ദേഹം എ.ഐ.സി.സിയുടെ പ്രസിഡന്റ് ആയിരുന്നയാളും 1987ല്‍ മലമ്പുഴ മത്സരിച്ചയാളുമാണ്. അങ്ങനെ ഒരാളെയാണ് ഏതോ ഒരു തങ്കപ്പന്‍ എന്ന് പറയുന്നത്.

കെ.പി.സി.സി പ്രസിഡന്റും ഞാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സാധാരണ ആരുടെയെങ്കിലും പേരുണ്ടെങ്കില്‍ പറയാനാണ് പറയാറ്. ഇത്തവണ അങ്ങനെയല്ല, ജില്ലാടിസ്ഥാനത്തില്‍ പരിശോധിക്കുകയും ഓരോ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധി തന്നെ സംസാരിക്കുകയും ചെയ്തിരുന്നു.

നടപടിയെടുത്തവര്‍ക്ക് അതില്‍ തിരുത്തി തിരിച്ചുവരാവുന്നതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in