കള്ളന്‍ ബിരിയാണി ചെമ്പില്‍, മുഖ്യമന്ത്രി എന്തിന് ഒളിച്ചു കളിക്കുന്നു?; പരിഹസവുമായി കെ. മുരളീധരന്‍

കള്ളന്‍ ബിരിയാണി ചെമ്പില്‍, മുഖ്യമന്ത്രി എന്തിന് ഒളിച്ചു കളിക്കുന്നു?; പരിഹസവുമായി കെ. മുരളീധരന്‍
Published on

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. മുരളീധരന്‍ എം.പി. കള്ളന്‍ ബിരിയാണി ചെമ്പിലാണെന്നും അവിടെ നിന്ന് പുറത്ത് കൊണ്ടു വരണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ സി.ബി.ഐ അന്വേഷണമോ ജൂഡീഷ്യല്‍ അന്വേഷണമോ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുമ്പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്കെതിരായി ഒരു പ്രസ്താവന നടത്തിയത് 164 ആയിരുന്നില്ല. എന്നാല്‍ അന്ന് അതിനെ ശരിവെച്ചവരാണ് ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോഴത്തേത് 164 അനുസരിച്ച് ഒരു സ്ത്രീ നല്‍കിയ മൊഴിയാണ്. അത് കോടതിയില്‍ മാറ്റിപ്പറയാന്‍ ആകില്ല. പക്ഷെ അതിന്റെ തെളിവുകള്‍ പൂര്‍ണമായി പുറത്തുവരണമെങ്കില്‍ കേരള സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത തരത്തില്‍ അന്വേഷണം വരണമെന്നും മുരളീധരന്‍.

ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന് കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണം. അന്വേഷണം കഴിയുന്നിടം വരെ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹം മാധ്യമങ്ങളോട് അകന്നു നിക്കുമ്പോള്‍ ജനങ്ങളുടെ സംശയം വര്‍ധിപ്പിക്കുകയാണെന്നെന്നും മുരളീധരന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത്. മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നുണ്ട്. മടിശ്ശീലയില്‍ കനമില്ലാത്തവന് വഴിയില്‍ കള്ളനെ പേടിക്കേണ്ടെന്ന് അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ ബിരിയാണി ചെമ്പിലാണ് കള്ളനുള്ളത്. ആ ചെമ്പില്‍ നിന്നാണ് കള്ളനെ പുറത്തുകൊണ്ട് വരേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in