ഇര ആരെന്ന് തീരുമാനിക്കേണ്ടത് നീതിന്യായ വ്യവസ്ഥ; വിജയ് ബാബുവിന് ആണത്ത ഹുങ്ക്: കെ കെ രമ

ഇര ആരെന്ന് തീരുമാനിക്കേണ്ടത് നീതിന്യായ വ്യവസ്ഥ; വിജയ് ബാബുവിന് ആണത്ത ഹുങ്ക്: കെ കെ രമ
Published on

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവം ആണത്ത ഹുങ്ക് ഭാഗമായാണെന്ന് എം.എല്‍.എ കെ കെ രമ. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അതിനിശിതമായ ധാര്‍മിക നിയമ വിചാരണകള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്നും രമ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.

താനാണ് യഥാര്‍ത്ഥ ഇര, തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും കരിയറില്‍ വളരാന്‍ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞാണ് വിജയ് ബാബു പരാതികകാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. എന്നാല്‍ ആരാണ് ഇര എന്നത് തീരുമാനിക്കേണ്ടത് നീതിന്യായ വ്യവസ്ഥയാണെന്നും രമ പറഞ്ഞു.

നമ്മുടെ സാമൂഹ്യ/സാംസ്‌കാരിക പശ്ചാത്തലത്തില്‍ റേപ്പ് കേസിലെ അതിജീവിതകളാവുന്ന സ്ത്രീകള്‍ക്ക് വ്യക്തിപരമായ സ്വകാര്യത മറച്ചുവെച്ച് നീതി നേടാനുള്ള അവകാശം നിയമപരമായി ഉറപ്പിക്കപ്പെട്ടതാണ്. സ്വയം തീരുമാനമെടുക്കുന്നവരെ ആ സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം.

വിജയ് ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന സോഷ്യല്‍ മീഡിയ പിന്തുണയും അതിജീവിതയ്‌ക്കെതിരെ നില്‍ക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സമൂഹ്യാവസ്ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പോലും ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ് എന്നും രമ പറഞ്ഞു.

ഏത് തരം ബന്ധങ്ങളിലാണെങ്കില്‍ പോലും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് ശരിയായ നടപടിയല്ല.

സിനിമ അടക്കമുള്ള മേഖലകളിലെ കരിയര്‍ വളര്‍ച്ച ആ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൗലികാവകാശമാണ്. അത് ഏതെങ്കിലും പുരുഷപ്രമാണിയുടെ ഇഷ്ടദാനമാവുന്ന ദുരവസ്ഥ മാറേണ്ടതുണ്ട്. അതിന് സഹായകരമാവുന്ന വിധത്തില്‍ ഔദ്യോഗിക നിരീക്ഷണ/ നിയമ പരിരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ന്നു വരണമെന്നും രമ പറഞ്ഞു.

സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും വെളിച്ചത്തു കൊണ്ടുവരാതിരിക്കുകയും അതിലെ കണ്ടെത്തലുകളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടുകളും ഈ ആണധികാര ഹുങ്കിന് പ്രോത്സാഹനമാവുന്നുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in