മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ കെ രമ എം.എല്‍.എ. കേരളം കലാപഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന് കാരണം മുഖ്യമന്ത്രിയാണെന്നും രമ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രമയുടെ പ്രതികരണം.
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏത് മാളത്തില്‍ പോയി ഒളിച്ചു കിടക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ഇനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും രമ പറഞ്ഞു.
'ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നും നടക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേരളത്തിന് ഇനി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് അങ്ങേയറ്റം പരാജയമാണ്. ആയുധം താഴെ വെക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ വലിയ വേദനയുണ്ടാകും,' രമ പറഞ്ഞു.
12 മണിക്കൂറിനിടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി അഞ്ചംഗ സംഘം വെട്ടുകയായിരുന്നു.
ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.