സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ദ ക്യുവിനോട്.
റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും ജസ്റ്റിസ് ഹേമ.
ജസ്റ്റിസ് ഹേമ പറഞ്ഞത്
റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കും. ഞാനത് ചെയ്തു, സര്‍ക്കാരിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് ഇല്ല.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിനില്ലെന്ന് നടി ശാരദ പറഞ്ഞു. കമ്മീഷന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹേമ ഇക്കാര്യത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് നിലപാട്.
2018 മെയിലാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, മുതിര്‍ന്ന നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍.
രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയിട്ട് ഈ ഡിസംബര്‍ 31 ന് രണ്ട് വര്‍ഷം പൂര്‍ത്തിയായി.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുമ്പാകെ വെക്കാനോ, റിപ്പോര്‍ട്ടിന്‍മേല്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടപടികള്‍ക്കോ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലും വിമുഖത തുടരുകയാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല എന്നത് മലയാള സിനിമയില്‍ സ്ത്രീകള്‍ ഇതുവരെ നേരിട്ടുവന്നിരുന്ന പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച് സര്‍ക്കാരിനെ സമീപിച്ചവരെയും കമ്മീഷനുമായി സഹകരിച്ചവരെയും നിരാശയിലാക്കുകയാണ്.