‘ഭാര്യയൊഴികെ ഒരാളുടെയും അഭിപ്രായം ഭയപ്പെടുത്തിയിട്ടില്ല’; ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ആറംഗ ലോബി വെല്ലുവിളിക്കുന്നെന്ന് രഞ്ജന്‍ ഗൊഗോയ്
ചില ലോബികളുടെ ഇടപെടല്‍ മൂലം ജുഡീഷ്യല്‍ സ്വാതന്ത്ര്യം അപകടത്തിലായെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് അരഡസന്‍ ആളുകളുടെ വിചിത്രസ്വാധീനത്തെ തകര്‍ക്കല്‍ കൂടിയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്റെ ഭാര്യയൊഴികെ മറ്റൊളുടെയും അഭിപ്രായം എന്നെ ഭയപ്പെടുത്തിയിട്ടില്ല, ഇനിയൊട്ട് ഭയപ്പെടുത്തുകയുമില്ല. മറ്റുള്ളവര്‍ക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം എന്താണെന്നത് എന്റെ പ്രശ്‌നമേ അല്ല. അത് അവരുടെ പ്രശ്‌നമാണ്, അവരാണ് അത് പരിഹരിക്കേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് ഭയപ്പെട്ടിരുന്നെങ്കില്‍ എനിക്ക് ഒരു ജഡ്ജിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലായിരുന്നു. അയോധ്യ വിധി അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ വിധിയായിരുന്നു. റാഫേല്‍ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നു. ആരോപണം ഉന്നയിക്കുന്നതിലൂടെ, രണ്ട് വിധികളും പുറപ്പെടുവിച്ച എല്ലാ ജഡ്ജിമാരുടെയും ധാര്‍മ്മികതയല്ലെ അവര്‍ ചോദ്യം ചെയ്യുന്നതെന്നും രഞ്ജന്‍ ഗൊഗോയ് ചോദിക്കുന്നു.
അരഡസന്‍ ആളുകളുടെ ലോബി, ജഡ്ജിമാരെ അവരുടെ നിയന്ത്രണത്തിലാക്കുകയാണ്. ഒരു കേസിന്റെ വിധി അവര്‍ പറയുന്നത് പോലെയായില്ലെങ്കില്‍, ജഡ്ജിയെ അവര്‍ എല്ലാ തരത്തിലൂം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കും. ഇതിലൊന്നും ഇടപെടാതെ സമാധാനത്തോടെ വിരമിക്കാനാഗ്രഹിക്കുന്ന ജഡ്ജിമാരുടെ നിലവിലെ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
'2018ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അവര്‍ പറയുന്ന രീതിയില്‍ കേസുകള്‍ തീര്‍പ്പക്കുന്നവരെ മാത്രമാണ് അവര്‍ 'സ്വതന്ത്ര്യജഡ്ജി'യായി പ്രഖ്യാപിക്കൂ. ഇതൊന്നും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. ശരിയെന്ന് തോന്നുന്നതാണ് ഞാന്‍ ചെയ്തത്. അല്ലെങ്കില്‍ ഞാനൊരു ശരിയായ ജഡ്ജിയാവില്ല.'-രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.