അന്തരിച്ച നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിനെക്കുറിച്ച് ജോയ് മാത്യു എഴുതിയത്
എ .ശാന്തകുമാർ അങ്ങിനെ അരങ്ങൊഴിഞ്ഞു . അക്കാദമിക് പരീശീലനങ്ങൾ ഒന്നുമില്ലാതെ വറുതികൾ നിറഞ്ഞ ബാല്യം രൂപപ്പെടുത്തിയെടുത്ത അരങ്ങിലെ ജ്വാല -അതായിരുന്നു എ ശാന്തകുമാർ . കുട്ടിക്കാലം മുതൽക്ക് എനിക്കറിയാവുന്ന പേരുപോലെ ശാന്തനായ കുട്ടി -സഖാവും ഞങ്ങളുടെ തലമുറയിലെ കലാപകാരിയും ധിക്ഷണാശാലിയുമായിരുന്ന എ സോമന്റെ(കോഴിക്കോട് മെഡിക്കൽ കോളജിലെ കൈക്കൂലിക്കാരനായ ഡോക്ടറെ ജനകീയ വിചാരണ ചെയ്ത ജനകീയ ന്യായാധിപൻ )കുഞ്ഞനുജൻ .എനിക്കും ശാന്തൻ അങ്ങിനെയായിരുന്നു ,മലയാള നാടകരചയിതാക്കളിൽ മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ഒരാൾ
-നാടകത്തിലെന്നപോലെ ജീവിതത്തിലും മനുഷ്യപക്ഷത്ത് നിലകൊണ്ട് നാടകം എന്ന കലാരൂപത്തെ മാത്രം പ്രണയിച്ച ഒരാൾ -അഞ്ചുവർഷം മുൻപ് മരണത്തോളമെത്തിയ രോഗത്തെ മറികടന്നെങ്കിലും ഇതാ ഇപ്പോൾ കോവിഡിന്റെ ചെകുത്താൻ കൈകളിൽ നിന്നും രക്ഷപ്പെടാനാവാതെ
.....
അദ്യസമാഹാരമായ "കർക്കിടക" ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിച്ചു . .ഇന്നിപ്പോൾ കർക്കിടകം പോലെ പെയ്യുന്ന ഈ കഠിനമഴയിൽ നീ യാത്രപോകുന്നു -
നീ മറഞ്ഞാലും
നിന്റെ പെരുങ്കൊല്ലനും ,കറുത്ത വിധവയും ,പുള്ളിപ്പയ്യും കാക്കാക്കിനാവും സ്വപ്ന വേട്ടയും ഏത് മഴയിലും വെയിലിലും ഉദിച്ചുതന്നെ നിൽക്കും