ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  

ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  

Published on

മാധ്യമപ്രവര്‍ത്തകന്റെ വാഹനാപകടത്തിന് കാരണമായ കാറില്‍ സഞ്ചരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ രക്തസാംപിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായത് ഒമ്പത് മണിക്കൂറിന് ശേഷം. മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം പൊലീസ് സാധാരണ നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്ന് തെളിഞ്ഞു. പൊലീസ് കാര്യക്ഷമമായി ഇടപെട്ട് തുടങ്ങിയത് പോലും മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് ശേഷമാണെന്ന് വിമര്‍ശനമുണ്ട്.

കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്രീറാമിന് ആല്‍ക്കഹോളിന്റെ മണമുണ്ട് എന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിയെങ്കിലും രക്തപരിശോധന നടത്തിയില്ല. ഗുരുതരപരുക്കില്ലെങ്കില്‍ ആളെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന നടപടിക്രമം പാലിക്കപ്പെട്ടില്ല. ശ്രീറാം രക്തസാംപിള്‍ നല്‍കുന്നതിനെ എതിര്‍ത്തെന്നും എതിര്‍ത്താല്‍ ചില നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ടെന്നുമാണ് പൊലീസ് വാദം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും സര്‍വ്വേ ഡയറക്ടര്‍ സ്വന്തം ഇഷ്ടപ്രകാരം കിംസിലേക്ക് മാറി. ഈ സമയത്തും പൊലീസ് നോക്കി നിന്നു. വാഹനം ഓടിച്ചിരുന്നത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് ശ്രീറാം പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തിനെ രക്തപരിശോധനയ്ക്ക് വിധേയയാക്കാതെ വീട്ടില്‍ അയക്കുകയാണ് പൊലീസ് ചെയ്തത്. പിന്നീട് നാല് മണിക്കൂറിന് ശേഷം യുവതിയെ വിളിച്ചുവരുത്തുകയാണുണ്ടായത്.

കാറിലുണ്ടായിരുന്ന ശ്രീറാമിനും സുഹൃത്തിനുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് എഫ്‌ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നില്ല.  

വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ ധാരണയായെന്നും സ്ഥിരീകരണത്തിനും ശേഷം പുറത്തുവിടുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യം കഴിച്ചതിന്റെ അളവനുസരിച്ചാണ് പരിശോധനയില്‍ തെളിയുക. 12 മണിക്കൂര്‍ വരെ മദ്യത്തിന്റെ അളവ് കണ്ടെത്താനായേക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീറാമിനെ സഹായിക്കാന്‍ പൊലീസ് വരുത്തിയ വീഴ്ച്ചകള്‍ കേസ് ദുര്‍ബലപ്പെടുത്തുമെന്നും കേസില്‍ ഇനിയും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായി പ്രധിഷേധിക്കുമെന്നും തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  
‘അമിത വേഗത്തില്‍ വണ്ടി ഓടിച്ചത് പുരുഷന്‍, മദ്യപിച്ചിരുന്നു’; ശ്രീറാമിന്റെ വാദങ്ങള്‍ തള്ളി ദൃക്‌സാക്ഷികള്‍

മലപ്പൂര്‍ തിരൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ച കെ എം ബഷീര്‍. സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവര്‍ മക്കള്‍. മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാല വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ പൊലീസ്; സാധാരണ നടപടിക്രമങ്ങളും പാലിച്ചില്ല  
അഞ്ച് വര്‍ഷത്തിനിടെ ചത്തത് 501 കടുവകള്‍; സെന്‍സസ് റിപ്പോര്‍ട്ട് ആഘോഷങ്ങള്‍ക്കിടെ മറച്ചുവെച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍
logo
The Cue
www.thecue.in