നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും കേസെടുത്ത കേരള പൊലീസ് നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന.
വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കേസെടുക്കുന്ന പ്രവണത പൊതുവെ കേരളത്തില്‍ ഇല്ലാത്തതാണ്. അത് മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളമായി ഉള്ളതുമാണ്. കേരളത്തിലും യു.പി, കര്‍ണാടക മാതൃക തുടങ്ങാനുള്ള പരിപാടിയാണോ എന്നാണ് ചോദിക്കാനുള്ളതെന്ന് ഷാഹിന ദ ക്യുവിനോട് പറഞ്ഞു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആരും ഒന്നും എഴുതാന്‍ പാടില്ല എന്നുള്ളത് ഫാസിസ്റ്റ് പ്രവണതയാണെന്നും ഷാഹിന പറഞ്ഞു.
കെ.കെ ഷാഹിന പറഞ്ഞത്
വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കേസെടുക്കുന്ന പ്രവണത പൊതുവെ കേരളത്തില്‍ ഇല്ലാത്തതാണ്. അത് മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളമായി ഉള്ളതുമാണ്. കേരളത്തിലും യു.പി, കര്‍ണാടക മാതൃക തുടങ്ങാനുള്ള പരിപാടിയാണോ എന്നാണ് ചോദിക്കാനുള്ളത്.
ഇന്‍ ക്യാമറ പ്രൊസിഡീങ്ങ്‌സൊന്നും ആരും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ടര്‍ ചാനലില്‍ അഭിമുഖം നടക്കുന്ന സമയത്ത് ബാലചന്ദ്രകുമാറിന് നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിചാരണയുമായി ബന്ധമില്ലല്ലോ. അങ്ങനെയൊരാളെ ഇന്റര്‍വ്യു ചെയ്യുന്നത് ഇപ്പോള്‍ കേസെടുത്തിരിക്കുന്ന വകുപ്പിന്റെ പരിധിയില്‍ വരുന്നതല്ല. ഇങ്ങനയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു കാര്യവും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തരുത് എന്ന ക്ലോസിനെ ഇത്തരത്തില്‍ എക്‌സ്പാന്‍ഡ് ചെയ്ത് ആ വിഷയവുമായി ബന്ധപ്പെട്ട് തന്നെ ആരും ഒന്നും എഴുതുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ പാടില്ല എന്ന ലെവലിലേക്ക് പോകുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അങ്ങനെയാണെങ്കില്‍ ഇവിടെ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണിത്.
ഒന്നല്ല, അഞ്ച് കേസുകളാണ് നികേഷിനെതിരെ. പരാതിക്കാരൊന്നുമില്ല. പോലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ ജേര്‍ണലിസ്റ്റുകള്‍ക്കെതിരെ കേസെടുക്കുന്ന യു പിയുടെയും കര്‍ണാടകയുടേയുമൊക്കെ വഴിയിലൂടെ പോകാന്‍ തീരുമാനിച്ചോ പിണറായി സര്‍ക്കാരെന്ന് ഷാഹിന ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.