മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചുവെന്ന് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍ പുരക്കലാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു വീഡിയോയില്‍, തന്റെ അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
അതേസമയം മരണത്തിന് മുന്‍പ് അമ്മയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്നും, തന്റെ കയ്യില്‍ ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.
ജൂണ്‍ 10നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ മരിക്കുന്നത്. ഡല്‍ഹിയില്‍ വെച്ച് മരിച്ച അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി താനും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറയുന്നു. അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന കാര്യം അല്‍ഫോണ്‍സ് കണ്ണന്താനം മറച്ചുവെച്ചുവെന്നും ജോമോന് തന്റെ ഫെയ്സ്ബുക്ക് പോസിറ്റില് ആരോപിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും MP യുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ കൊവിഡ് 19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂണ്‍ 10 ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുന്‍പ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്.
അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോള്‍ കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞില്ലായിരുന്നു. 2020 ജൂണ്‍ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയില്‍ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങില്‍ തിരുവനന്തപുരത്ത് നിന്ന് ഞാന്‍ മണിമലയില്‍ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം എംബാം ചെയ്ത് വിമാന മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ചയൊരാളെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിമാനമാര്‍ഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തില്‍ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. അമ്മയുടെ ഓര്‍മയില്‍ 'മദേര്‍സ് മീല്‍' എന്ന പേരില്‍ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം നല്‍കുമെന്ന് വിശദീകരിക്കുന്ന വീഡിയോ കൂടിയാണിത്. കണ്ണന്താനത്തിന്റെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അല്‍ഫോണ്‍സ് കണ്ണന്താനം തന്നെയാണ് വെളിപ്പെടുത്തിയത്.