കൈ ഞരമ്പ് കടിച്ച് മുറിച്ചതാണെന്ന് ജോളി , ടൈലില്‍ ഉരച്ച് വലുതാക്കിയെന്നും മൊഴി ; മുഖവിലയ്‌ക്കെടുക്കാതെ പൊലീസ്
കൈഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് മുറിവ് വലുതാക്കിയതാണെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഇവിടെയെത്തി പൊലീസ് ജോളിയുടെ മൊഴി എടുക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്തെങ്കിലും വസ്തു ഉപയോഗിച്ച് മുറിവുണ്ടാക്കിയതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ പരിശോധന നടത്തിയെങ്കിലും മുറിവുണ്ടാക്കാന്‍ തക്ക വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. ചില്ല് കഷണമോ മറ്റോ ഉപയോഗിച്ചായിരിക്കാം ഞരമ്പ് മുറിച്ചതെന്നാണ് നിഗമനം. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ മൂന്ന് പേര്‍ക്കൊപ്പമാണ് ജോളിയെ സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്. പുലര്‍ച്ചെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ജോളിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ നടത്തിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതിനാല്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു.