കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പില്‍ നിന്ന് ജോജു ജോര്‍ജിനെ പിന്തിരിപ്പിച്ചത് സി.പി.എം ആണെന്ന് കെ.ബാബു. സിനിമയിലെ ഇടതുഅനുഭാവികളാണ് ഈ നീക്കത്തിന് പിന്നിലെന്നും ആദ്ദേഹം ആരോപിച്ചു. ഒരു സി.പി.എം എം.എല്‍.എയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കാതെ പോയതെന്നും കെ.ബാബു മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ജോജു മാസ്‌ക് ധരിക്കാതെയാണ് അട്ടഹസിച്ചത്. എന്തൊകൊണ്ടാണ് ഇതിനെതിരെ പൊലീസ് നടപടിയെടുക്കാത്തത്? സിനിമാ നടന്മാര്‍ക്ക് വേറെ നിയമം ഉണ്ടോ? സി.പി.എം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെ. സിനിമാ ഷൂട്ടിങ്ങുകള്‍ പലതും ഗതാഗതം തടസപ്പെടുത്തി ചെയ്യാറുണ്ട്. നിരത്തില്‍ ഗതാഗതം തടസപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ എന്താകും അവസ്ഥയെന്നും കെ.ബാബു ചോദിച്ചു.
വിഷയത്തില്‍ സി.പി.എം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ആരോപിച്ചു. പ്രശ്‌നം തീര്‍ക്കരുതെന്ന് മന്ത്രിമാര്‍ വരെ നിര്‍ദേശിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.