2022ല്‍ ബിജെപിയെ ഗുജറാത്തില്‍ വീഴ്ത്തിയാല്‍ 2024ല്‍ ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനാകും; ദ ക്യൂവിനോട് ജിഗ്നേഷ് മേവാനി

2022ല്‍ ബിജെപിയെ ഗുജറാത്തില്‍ വീഴ്ത്തിയാല്‍ 2024ല്‍ ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനാകും;  ദ ക്യൂവിനോട്  ജിഗ്നേഷ് മേവാനി
Published on

അഹമ്മദാബാദ്: 2022ല്‍ ബിജെപിയെ ഗുജറാത്തില്‍ വീഴ്ത്തിയാല്‍ 2024 ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനാകുമെന്ന് ദ ക്യൂവിനോട് ജിഗ്നേഷ് മേവാനി. നാണ്യപെരുപ്പവും തൊഴിലില്ലായ്മയും, കര്‍ഷകരുടെ ദുരവസ്ഥയും, കൊവിഡും അതിന്റെ മൂര്‍ധന്യ അവസ്ഥയിലാണ്.

മുന്‍പില്ലാത്ത തരത്തിലുള്ള ദുരന്തത്തിന്റെ നടുവിലും ചില മണ്ഡലങ്ങളില്‍ വിജയിക്കണമെന്നുള്ള വ്യക്തിഗത താത്പര്യങ്ങള്‍ക്ക് അനുസരിച്ചാവരുത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍പോട്ട് പോകേണ്ടത്.

അങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ രാജ്യത്തിന് ഒരു ഭാവിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സീറ്റ് ഷെയറിങ്ങിനായി മാത്രമുള്ള സഖ്യങ്ങള്‍ക്ക് ഒരിക്കലും മോദിയെ തോല്‍പ്പിക്കാനാകില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

''2022 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. പക്ഷേ രണ്ട് കാര്യങ്ങള്‍ ഉറപ്പാണ്, ഒന്ന് ബിജെപി വലിയ തിരിച്ചടി നേരിടുന്നുണ്ട്, പ്രതിപക്ഷത്തിന് ഒരുപാട് അവസരങ്ങളുമുണ്ട്.

രണ്ടാമത് കോണ്‍ഗ്രസയാലും കമ്മ്യൂണിസ്റ്റായാലും ആംആദ്മി ആയാലും എന്നെപ്പോലെത്തെ ആക്ടിവിസ്റ്റുകളായാലും എന്‍ജിഒകളായാലും ട്രേഡ് യൂണിയനുകളായാലും ലിബറലുകളായാലും ഈ ഭരണത്തിനെതിരെ നില്‍ക്കുന്ന ഓരോ വ്യക്തിയും ബിജെപിയെ തോല്‍പ്പിക്കാനായി ഒരുമിച്ച് വരണമെന്നുള്ളതാണ്.

നമ്മള്‍ക്ക് ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ തികച്ചും വ്യത്യസ്തമായിരിക്കും 2024ലെ അവസ്ഥ. നമുക്ക് ചിലപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ തന്നെ രക്ഷിക്കാന്‍ സാധിച്ചേക്കും.

ഞാന്‍ എല്ലാ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ് 2022ല്‍ ഞങ്ങളെ പിന്തുണക്കണമെന്ന്. അങ്ങനെയെങ്കില്‍ 2024ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നിങ്ങളേയും പിന്തുണക്കാന്‍ സാധിക്കും.

എനിക്ക് അതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇപ്പോള്‍ പറ്റില്ല എങ്കിലും ഇത്തരത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സഖ്യം എന്നുള്ളത് വെറും സീറ്റ് വിഭജനത്തില്‍ മാത്രമായിരിക്കരുത് ജനങ്ങളുടെ ആശങ്കകള്‍ മായ്ച്ചുകളയാന്‍ കൂടിയുള്ളതായിരിക്കണം.

പ്രതിപക്ഷത്തുള്ള, ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമാണ് മോദിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. സീറ്റ് വിഭജനത്തിന്റെ കാര്യം പറയുന്നതിനപ്പുറം എന്തുകൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ദല്‍ഹിയിലേക്ക് വന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുകൂടാ, ജിഗ്നേഷ് മേവാനി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in