മോദിയെ വിമര്‍ശിച്ച കേസില്‍ ജിഗ്നേഷിന് ജാമ്യം, തൊട്ടുപിന്നാലെ വീണ്ടും അറസ്റ്റ്

മോദിയെ വിമര്‍ശിച്ച കേസില്‍ ജിഗ്നേഷിന് ജാമ്യം, തൊട്ടുപിന്നാലെ വീണ്ടും അറസ്റ്റ്
Published on

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കേസില്‍ ജാമ്യം അനുവദിച്ചതിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത് അസം പൊലീസ്. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് അസമിലെ ബാര്‍പ്പെട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 20 ബുധനാഴ്ചയാണ് ഗുജറാത്തില്‍ വെച്ച് അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ അസമിലെ കോക്രജാര്‍ ജില്ലാ കോടതി ജിഗ്നേഷിന്റെ ജാമ്യാപേക്ഷ തള്ളുകയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയുമായിരുന്നു.

തുടര്‍ന്ന് അസം കോടതി ഇന്ന് ജാമ്യം അനുവദിച്ചതിന് പിന്നാലെ മോദിയ്‌ക്കെതിരെ ട്വീറ്റ് ഇട്ടതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ വീണ്ടും ജിഗ്നേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സയെ പിന്തുണയ്ക്കുന്നയാളാണ് മോദിയെന്നാണ് ജിഗ്നേഷ് ട്വീറ്റില്‍ പറഞ്ഞത്. ഗോഡ്സയെ ദൈവമായി കാണുന്ന മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷത്തിനെതിരെയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കണമെന്നും ജിഗ്‌നേഷ് ട്വീറ്റിലൂടെ പറഞ്ഞു. ഇതിന് പിന്നാലെയാണ് അസം പൊലീസ് ആദ്യം ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.

അസമിലെ അനൂപ് കുമാര്‍ ഡേ യുടെ പരാതി പ്രകാരമാണ് പൊലീസ് ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍, തുടങ്ങി അഞ്ചോളം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര എം.എല്‍.എയായി ഗുജറാത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജിഗ്‌നേഷ് മേവാനി 2019 സെപ്തംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in