'പിണറായിയും മോദിയും തമ്മില്‍ അവിശുദ്ധ സഖ്യം'; ആരോപണവുമായി ജിഗ്നേഷ് മേവാനി

'പിണറായിയും മോദിയും തമ്മില്‍ അവിശുദ്ധ സഖ്യം'; ആരോപണവുമായി ജിഗ്നേഷ് മേവാനി
Published on

പിണറായിയും മോദിയും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടെന്ന ആരോപണം ഉന്നയിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് മോഡലിനെ അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടുവെന്നും അതിന്റെ ഭാഗമായായിരിക്കാം ഒരു ടീമിനെ ഗുജറാത്തിലേക്ക് അയച്ചതെന്നും ജിഗ്‌നേഷ്.

ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഞങ്ങള്‍ പോലും ഗുജറാത്തിനെ താരതമ്യം ചെയ്ത് കേരളത്തെ നോക്കാന്‍ പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ കേരള സര്‍ക്കാര്‍ പറയുന്നത് ഗുജറാത്ത് മോഡല്‍ നല്ലതാണ് എന്നാണ്. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ടീം ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് മോഡല്‍ പഠിക്കാന്‍ കേരളത്തിലെത്തിയത് വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതികരണം.

ജിഗ്‌നേഷ് മേവാനി പറഞ്ഞത്

ചില കൂട്ടുകെട്ടുകളുണ്ടായിരിക്കാം, ഒരു അവിശുദ്ധ സഖ്യമുണ്ട്. അല്ലാതെ എന്തിനാണ് കേരള മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ഗുജറാത്തിലേക്ക് അയക്കുന്നത്. ഗുജറാത്തില്‍ 40-45 ശതമാനം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. 50 ശതമാനം സ്ത്രീകള്‍ അനീമിക്കാണ്.

വര്‍ഗീയമായി വിഭജിക്കപ്പെട്ട പ്രശ്‌നമുണ്ട്. ഗുജറാത്ത് മോഡല്‍ ജനവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണ്, ന്യൂനപക്ഷവിരുദ്ധമാണ്, സ്ത്രീവിരുദ്ധമാണ്. ദശലക്ഷണക്കണക്കിന് ആളുകള്‍ക്ക് മിനിമം വേതനം നിഷേധിക്കപ്പെടുന്നു.

ഞങ്ങള്‍ പോലും കേരള മോഡല്‍ നോക്കാന്‍ പറയും. അത് പൊതുജനാരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മെച്ചപ്പെട്ടതാണ്. അതായിരുന്നു ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ പറയുന്നത് ഗുജറാത്ത് മോഡല്‍ നല്ലതാണ് എന്നാണ്. ചിലകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഗുജറാത്തില്‍ എന്താണ് സത്യമെന്ന് അറിയാന്‍ കേരളത്തില്‍ നിന്ന് ആളുകള്‍ പോയി എന്ന് തന്നെ കരുതൂ. അങ്ങനെയെങ്കില്‍ പോയ ഉദ്യോഗസ്ഥര്‍ തിരിച്ച് വന്ന് എന്താണ് സത്യമെന്ന് പറയട്ടെ. കൊറോണയുടെ സമയത്ത് ഗുജറാത്തിന്റെ പെര്‍ഫോമന്‍സ് പരിതാപകരമായിരുന്നു. കേരള സര്‍ക്കാര്‍ ഗുജറാത്തിനെ വിമര്‍ശിക്കുമോ. അങ്ങനെയെങ്കില്‍ ചെയ്ത് കാണിക്കൂ. ഗുജറാത്ത് മോഡലിനെ തുറന്ന് കാണിക്കട്ടെ.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍ ഉടന്‍.

Related Stories

No stories found.
logo
The Cue
www.thecue.in