'വിദ്വേഷം ഉണ്ടാക്കാതിരിക്കലാണ് മതങ്ങളുടെ പൊതുതത്വം, ഇത് ചവറ്റുകൊട്ടയിലെറിഞ്ഞ് ചിലര്‍ സംസാരിക്കുന്നത് കണ്ടു'; ജിഫ്രി മുത്തുക്കോയ തങ്ങള്‍

'വിദ്വേഷം ഉണ്ടാക്കാതിരിക്കലാണ് മതങ്ങളുടെ പൊതുതത്വം, ഇത് ചവറ്റുകൊട്ടയിലെറിഞ്ഞ് ചിലര്‍ സംസാരിക്കുന്നത് കണ്ടു'; ജിഫ്രി മുത്തുക്കോയ തങ്ങള്‍
Published on

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിദ്വേഷം ഉണ്ടാക്കാതിരിക്കുക എന്നതുള്‍പ്പടെ മതാധ്യക്ഷന്മാര്‍ പാലിക്കേണ്ട ചില പൊതുധാരണകളുണ്ടെന്നും, ഇത് ലംഘിക്കുന്നതാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്‌നേഹത്തോടെയും പെരുമാറുക എന്നതെല്ലാമാണ് മതങ്ങളുടെ പൊതുതത്വം. ഇത് ലംഘിച്ചായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവനയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചു.

'ഏതോ ഒരു ബിഷപ്പ് രണ്ട് ദിവസം മുന്‍പ് എന്തോ വിളിച്ചു പറഞ്ഞില്ലേ? ഏത് മതത്തിന്റെ നേതാക്കന്മാരായാലും അധ്യക്ഷന്മാരായാലും മതങ്ങള്‍ക്കൊക്കെ ഒരു പൊതുതത്വം ഉണ്ടാകും. മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്‌നേഹത്തോടെയും പെരുമാറുക എന്നെല്ലാമാണത്. ഇതിനെയൊക്കെ പറ്റെ ചവറ്റുകുട്ടയിലെറിഞ്ഞ് എന്തോ ചിലതൊക്കെ പ്രസംഗിച്ചു. അതിനൊക്കെ മറുപടി പറയല്‍ നമ്മുടെ പണിയല്ലാത്തതുകൊണ്ട് അതിനൊന്നും മറുപടി പറയുന്നില്ല. മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളത്', അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in