മകളുടെ മുന്നില്‍ വെച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്തത് മുമ്പ് ഫോണ്‍ തിരിച്ചു നല്‍കി മാതൃകയായ വ്യക്തിയെ

മകളുടെ മുന്നില്‍ വെച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്തത് മുമ്പ് ഫോണ്‍ തിരിച്ചു നല്‍കി മാതൃകയായ വ്യക്തിയെ
Published on

മോഷണത്തിന്റെ പേരില്‍ മൂന്നാം ക്ലാസുകാരിയായ മകളുടെ മുമ്പില്‍ വെച്ച് പൊലീസ് അപമാനിച്ച ജയചന്ദ്രന്‍ മുമ്പ് വഴിയില്‍ കിടന്ന് കിട്ടിയ ഫോണ്‍തിരികെ കൊടുത്ത് മാതൃകയായ വ്യക്തി. രണ്ട് വര്‍ഷം മുമ്പ് വേങ്ങോട് ജംഗ്ഷന് സമീപം വഴിയില്‍ കിടന്ന് കട്ടിയ വിലയേറിയ മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് മടക്കി നല്‍കി ജയചന്ദ്രന്‍ മാതൃകയായിരുന്നു.

വേങ്ങോട് വിവാഹ വീട്ടില്‍ എത്തിയ യുവാവിന്റെ ഫോണ്‍ ആയിരുന്നു അന്ന് നഷ്ടപ്പെട്ടത്. തന്റെ കയ്യില്‍ കിട്ടിയ ഫോണിലേക്ക് തുടരെ ഫോണ്‍ കോളുകള്‍ വന്നെങ്കിലും ഫോണ്‍ എടുത്ത് സംസാരിക്കാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഇല്ലായിരുന്നു.

ഒടുവില്‍ ഫോണില്‍ കണ്ട നമ്പര്‍ തന്റെ മൊബൈലില്‍ ഡയല്‍ ചെയ്ത് തിരികെ വിളിച്ചാണ് ജയചന്ദ്രന്‍ ഫോണ്‍ കിട്ടിയ വിവരം യുവാക്കളെ അറിയിച്ചത്. തുടര്‍ന്ന് യുവാവ് ജയചന്ദ്രന് സമ്മാനവും നല്‍കിയാണ് മടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വെച്ച് മകളുടെ മുന്നില്‍ വെച്ച് ജയചന്ദ്രനെ പിങ്ക് പൊലീസ് അരമണിക്കൂറോളമാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് പട്രോളിംഗ് സംഘത്തിന്റെ വാഹനത്തിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ കാണാതെ പോയെന്നും ജയചന്ദ്രനാണ് മോഷ്ടിച്ചതെന്നും പൊലീസ് ആരോപിക്കുകയായിരുന്നു.

നിര്‍ത്തിയിട്ട പിങ്ക് പൊലീസ് വാഹനത്തിന് സമീപം നില്‍ക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും, കാറില്‍ നിന്നും എടുത്ത ഫോണ്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് പരസ്യമായി ചോദ്യം ചെയ്തത്. എന്നാല്‍ വൈകാതെ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ ഫോണ്‍ കിട്ടുകയും ചെയ്തു.

പൊലീസ് നടപടിയില്‍ പേടിച്ച പെണ്‍കുട്ടി കരയുകയായിരുന്നു. ഇതും അവഗണിച്ചായിരുന്നു പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്തത്. അടുത്തുള്ള കാറിലിരുന്ന യുവാവ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ ജയചന്ദ്രന്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ആറ്റിങ്ങല്‍ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in